കോഴിക്കോട് സംഘടിപ്പിച്ച ചുംബന സമരത്തില്‍ സംഘര്‍ഷം

single-img
1 January 2016

kiss-of-love-1കോഴിക്കോട്: കോഴിക്കോട് സംഘടിപ്പിച്ച ചുംബന സമരത്തില്‍ സംഘര്‍ഷം. ഹനുമാന്‍ സേനക്കാരും കിസ് ഓഫ് സ്ട്രീറ്റ് പ്രവര്‍ത്തകരും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി.  സംഘര്‍ഷത്തെ തുടര്‍ന്ന് ചുംബന സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഫാസിസത്തിനെതിരെയും അസഹിഷ്ണുതയ്‌ക്കെതിരെയും സാംസ്‌കാരിക സംഘടനയായ ഞാറ്റുവേലയാണ് പുതുവത്സരദിനത്തില്‍ ചുംബന സമരം സംഘടിപ്പിച്ചത്‌. കോഴിക്കോട് പബ്ലിക് ലൈബ്രറി പരിസരത്ത് രാവിലെ തന്നെ ഞാറ്റുവേല പ്രവര്‍ത്തകര്‍ ചുംബനതെരുവിലേക്ക് എത്തിച്ചേര്‍ന്നു.

എന്നാല്‍ പരിപാടി സംഘടിപ്പിക്കാന്‍ അനുവദിക്കാല്ലെന്ന നിലപാടോടെ ഹനുമാന്‍ സേന പ്രവര്‍ത്തകരും പ്രദേശത്ത് എത്തിയിരുന്നു. ഞാറ്റുവേല പ്രവര്‍ത്തകര്‍ കിസ് ഓഫ് സ്ട്രീറ്റ് എന്ന ഫാസിസത്തിനെതിരായ പ്രതിഷേധ പരിപാടി ആരംഭിച്ചതോടെ ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ കൈയ്യേറ്റത്തിനൊരുങ്ങി. പ്രദേശത്ത് ഇരു വിഭാഗം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തതോടെയാണ് പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്.

സമരത്തിനെത്തിയ ഭിന്നശേഷിക്കാരനെ പ്രതിഷേധക്കാര്‍ കൈയ്യേറ്റം ചെയ്തു. സ്ത്രീകള്‍ അടക്കമുള്ള സമരക്കാരെ ഹനുമാന്‍ സേനക്കാര്‍ ഭീഷണിപ്പെടുത്തി. നേരത്തെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ച കിസ് ഓഫ് ലവ് സമരത്തിന് ഞാറ്റുവേല പിന്തുണ പ്രഖ്യാപിച്ചിരുന്നു.