ജനുവരി ഒന്ന് മുതല്‍ പാര്‍ലമെന്റ് ക്യാന്റീനിലെ വിലയിളവ് നിര്‍ത്തലാക്കി

single-img
1 January 2016

parlimentന്യൂഡല്‍ഹി: ജനുവരി ഒന്ന് മുതല്‍ പാര്‍ലമെന്റിലെ ക്യാന്റീനില്‍ വിലയിളവുണ്ടാവില്ലെന്ന് ലോക്‌സഭ സെക്രട്ടേറിയേറ്റ് അറിയിച്ചു. ലോക്‌സഭ-രാജ്യസഭ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, സുരക്ഷാഉദ്യോഗസ്ഥര്‍, സന്ദര്‍ശകര്‍ എന്നിവര്‍ക്കും പുതുക്കിയ നിരക്കുകള്‍ ബാധകമായിരിക്കും. ആറു വര്‍ഷത്തിന് ശേഷമാണ് നിരക്കുകള്‍ പുതുക്കുന്നത്.

പാര്‍ലമെന്റ് ക്യാന്റീനിലെ നിരക്കുകള്‍ കാലാകാലങ്ങളായി മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാണ്. ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍, പാര്‍ലമെന്റ് ഭക്ഷണക്കമ്മിറ്റിയോട് ഇക്കാര്യം പരിശോധിക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഈ നടപടി.

വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം, ലാഭമോ നഷ്ടമോ ഇല്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കാമെന്ന് തീരുമാനമെടുക്കുകയായിരുന്നു’, ലോക്‌സഭ സെക്രട്ടേറിയേറ്റ് കുറിപ്പില്‍ അറിയിച്ചു. വിഭവങ്ങള്‍ തയാറാക്കാന്‍ ചിലവാകുന്ന അതേ തുക ഈടാക്കാനാണ് കമ്മിറ്റി തീരുമാനിച്ചത്.   പ്രതിവര്‍ഷം 16 കോടി രൂപയോളം കാന്റീന്‍ സബ്‌സിഡി ഇനത്തില്‍ സര്‍ക്കാരിന് ചിലവായിരുന്നു. ജനങ്ങള്‍ക്കു നല്‍കിവന്നിരുന്ന സബ്‌സിഡികള്‍ സര്‍ക്കാര്‍ ഒഴിവാക്കുമ്പോഴും, ജനസേവകര്‍ക്ക് ഇതുപോലെയുള്ള വലിയ ഇളവുകള്‍ നല്‍കുന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.