ഇനി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഐഎഎസ് ഉദ്യോഗസ്ഥരെ പ്രധാനമന്ത്രിയുടെ അനുവാദം കൂടാതെ സസ്‌പെന്‍ഡ് ചെയ്യാനോ സ്ഥലം മാറ്റാനോ കഴിയില്ല

single-img
31 December 2015

UN_SUMMIT-MODI_2561038gകേന്ദ്രസര്‍ക്കാരിന് കീഴില്‍ ജോലി ചെയ്യുന്ന ഐഎഎസ് ഉദ്യോഗസ്ഥരെ പ്രധാനമന്ത്രിയുടെ അനുവാദം കൂടാതെ സംസ്ഥാനത്തിന് ഇനി മുതല്‍ സസ്‌പെന്‍ഡ് ചെയ്യാനോ  സ്ഥലം മാറ്റാനോ  കഴിയില്ല. രാഷ്ട്രീയ പകപോക്കലുകള്‍ പേടിക്കാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനായിട്ടാണ് സര്‍വീസ് ചട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തിയിരിക്കുന്നത്.

കൂടാതെ സംസ്ഥാന സര്‍ക്കാരിന് കീഴില്‍ ജോലി ചെയ്യുന്ന ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ക്കും ആശ്വസിക്കാനുള്ള വക സര്‍വീസ് ചട്ട ഭേദഗതിയിലുണ്ട്. ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെ സംസ്ഥാന സര്‍ക്കാരുകള്‍ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ 48 മണിക്കൂറിനകം കേന്ദ്രസര്‍ക്കാരിനെ വിവരം അറിയിക്കണം. നിലവില്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുന്നതിന് സമയപരിധി ഉള്‍പ്പെടെ വെച്ചിട്ടില്ല.

ഐഎഎസ് ഉദ്യോഗസ്ഥരായ അശോക് ഖെംക, ദുര്‍ഗ ശക്തി നാഗ്പാല്‍, കുല്‍ദീപ് നാരായണ്‍ തുടങ്ങിയവര്‍ കേന്ദ്രസര്‍ക്കാരിനുമേല്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സര്‍വീസ് ചട്ടം ഭേദഗതി ചെയ്തിരിക്കുന്നത്. നേരത്തെ അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ സെക്രട്ടറിമാരെ പുറത്താക്കിയത് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചതിന് പിന്നാലെയാണ് സര്‍വീസ് ചട്ട ഭേദഗതി. ഡല്‍ഹി മന്ത്രിസഭ തീരുമാനമെടുത്ത് നടപ്പാക്കാന്‍ ഒരുങ്ങിയ വേതന വര്‍ദ്ധനവില്‍ ഒപ്പിടാന്‍ വിസ്സമ്മതിച്ചതിനാണ് സംസ്ഥാന സര്‍ക്കാര്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.