കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക പരമ്പരകള്‍ അവസാനിപ്പിക്കാന്‍ സിപിഎമ്മുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് മോഹന്‍ ഭാഗവത്

single-img
31 December 2015

mohan bhagavath കൊച്ചി: കണ്ണൂരിലെ  രാഷ്ട്രീയ കൊലപാതക പരമ്പരകള്‍ അവസാനിപ്പിക്കാന്‍ സിപിഐഎമ്മുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്.  കണ്ണൂരിലെ രാഷ്ട്രീയ അന്തരീക്ഷത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആര്‍എസ്എസ് അവിടെ സ്വീകരിക്കുന്നു സമീപനം സ്വയംപ്രതിരോധത്തിന്റേതാണെന്നായിരുന്നു മോഹന്‍ഭാഗവത് പറഞ്ഞത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കാരണം സിപിഐഎമ്മിന്റെ അസഹിഷ്ണുതയാണെന്നും മോഹന്‍ഭാഗവത് കുറ്റപ്പെടുത്തി.

ഇന്നലെ കൊച്ചിയില്‍ എത്തിയ മോഹന്‍ ഭാഗവത് കേരളത്തിലെ സാമൂഹ്യ മണ്ഡലത്തില്‍ സജീവമായി ഇടപെടലുകള്‍ നടത്തുന്ന  ചിലരുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച്ചയിലാണ് സിപിഐഎമ്മുമായുള്ള ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞത്.

വിവരാവകാശ പ്രവര്‍ത്തകനായ ഡി.ബി. ബിനു, ടി.ജി. മോഹന്‍ദാസ്, അഡ്വ. ശിവന്‍ മഠത്തില്‍, മുന്‍ സുപ്രീംകോടതി ജഡ്ജി പി.കെ. ബാലസുബ്രഹ്മണ്യം തുടങ്ങിയവര്‍ മോഹന്‍ഭാഗവതുമായി കൂടിക്കാഴ്ച്ച നടത്തി. അഡ്വ. ജയശങ്കര്‍, കാളീശ്വരം രാജ് എന്നിവരെ കൂടിക്കാഴ്ച്ചയ്ക്ക് ക്ഷണിച്ചിരുന്നെങ്കിലും ഇവര്‍ പല കാരണങ്ങള്‍ കൊണ്ട് പങ്കെടുത്തില്ല.

ആര്‍എസ്എസിന്റെ രാഷ്ട്രീയ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതിനായി നടത്തി വരുന്ന വിശേഷ് സമ്പര്‍ക്ക് യോജനയുടെ ഭാഗമായാണ് സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ ഇടപെടലുകള്‍ നടത്തുന്ന ആളുകളുമായി ആര്‍എസ്എസ് നേതാക്കള്‍ ചര്‍ച്ച നടത്തുന്നത്. സമൂഹത്തെ മനസ്സിലാക്കുക എവിടെ ഇടപെടണമെന്നും കൂടുതല്‍ രാഷ്ട്രീയ സ്വാധീനം ഉണ്ടാക്കാന്‍ സാധിക്കുമെന്നുമുള്ള അന്വേഷണങ്ങളുടെയും ഭാഗമാണ് ഇത്തരം കൂടിക്കാഴ്ച്ചകള്‍.