കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഘടകകക്ഷികള്‍;ഒരുമിച്ച്‌ നീങ്ങാന്‍ നേതാക്കള്‍ക്ക്‌ സോണിയയുടെ കര്‍ശന നിര്‍ദേശം ;സോണിയയുടെ നിര്‍ദേശപ്രകാരം നേതാക്കള്‍ സംയുക്ത പത്രസമ്മേളനം നടത്തും

single-img
30 December 2015

16TH_SONIA_G6B8_16_1758273eകേരളത്തിലെത്തിയ സോണിയാഗാന്ധി യു.ഡി.എഫ് ഘടക കക്ഷിനേതാക്കളുമായി ചര്‍ച്ച നടത്തി. മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് എം,ആര്‍.എസ്.പി എന്നീ പാര്‍ട്ടികളുടെ നേതാക്കളുമായി അവര്‍ നാട്ടകം ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച നടത്തിയത്.മുന്നണിയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ്‌ വി.എം സുധീരന്‍ എന്നിവരുമായി സോണിയ വെവ്വേറെയും പിന്നീട്‌ സംയുക്‌തമായും കൂടിക്കാഴ്‌ച നടത്തി. അതിരുവിട്ട ഗ്രൂപ്പ്‌ പ്രവര്‍ത്തനം പാടില്ല.

മുന്നണിയിലെ എല്ലാ നേതാക്കളും ഒറ്റക്കെട്ടായി മുന്നോട്ടുപോണമെന്നും സോണിയ നേതാക്കള്‍ക്ക്‌ നിര്‍ദേശം നല്‍കി. ചര്‍ച്ചയില്‍ ഘടകകക്ഷികള്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു. കോണ്‍ഗ്രസിലെ തമ്മിലടി അവസാനിപ്പിക്കുന്നതിന് ഹൈക്കമാന്‍ഡ് ഇടപെടണമെന്ന് ലീഗും കേരള കോണ്‍ഗ്രസ് എമ്മും ആര്‍.എസ്.പിയും ആവശ്യപ്പെട്ടു.സോണിയയുടെ നിര്‍ദേശപ്രകാരം നാളെ ഉമ്മന്‍ചാണ്ടി, ചെന്നിത്തല, വി.എം സുധീരന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംയുക്‌ത വാര്‍ത്താ സമ്മേളനം നടത്തും.

മുന്നണിയിലെ ഐക്യസന്ദേശം ഉയര്‍ത്തിപ്പിടിച്ചാവും വാര്‍ത്താ സമ്മേളനം. കോണ്‍ഗ്രസിലെ ചില നേതാക്കള്‍ നടത്തിയ ന്യൂനപക്ഷ വികാരം വൃണപ്പെടുത്തുന്ന പ്രസ്താവനകള്‍ സോണിയയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തുവന്ന മുന്‍മന്ത്രി കെ.എം മാണി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്ന് മുസ്ലിം ലീഗ് സോണിയയോട് ആവശ്യപ്പെട്ടു. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.