അമ്മയുടെ ജീവന്‍ മോഷ്ടാവിന്റെ കത്തിമുനയില്‍ നിന്നു രക്ഷിച്ച 13 കാരന് ധീരതക്കുള്ള അവാര്‍ഡ്

single-img
30 December 2015

awardഅമ്മയുടെ ജീവന്‍ മോഷ്ടാവിന്റെ കത്തിമുനയില്‍ നിന്നു രക്ഷിച്ച 13 കാരന് ധീരതക്കുള്ള ദേശീയ അവാര്‍ഡ്. കഴിഞ്ഞ ഏപ്രില്‍ നാലിനാണ് സംഭവം. പഞ്ച്ഗുള സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാര്‍ഥി ദിശാന്ത് മെഹ്നദിരാത്തയ്ക്കാണ് അവാര്‍ഡ്. സെക്ടര്‍ 20 ല്‍ അമ്മ അര്‍ച്ചനക്കും പിതാവ് രവീന്ദറിനും സഹോദരന്‍ റയാനുമൊപ്പമാണ് ദിശാന്തിന്റെ താമസം. പിതാവ് പുറത്തുപോയ സമയത്ത് ഉച്ചയോടെയാണ് അജ്ഞാതന്‍ വീട്ടിലെത്തി രവീന്ദറിനെ കാണമെന്ന് ആവശ്യപ്പെട്ടത്.

ഇയാളെ വീടിനുള്ളില്‍ സ്വീകരിച്ച് ഇരുത്തിയ ശേഷം രവീന്ദറുമായി അര്‍ച്ചന ഫോണില്‍ സംസാരിച്ചു. എന്നാല്‍ ഇങ്ങനെയൊരാളെ അറിയില്ലെന്നും അടുത്ത ദിവസം വന്ന് കാണാന്‍ ആവശ്യപ്പെടാന്‍ രവീന്ദര്‍ അര്‍ച്ചനയോട് നിര്‍ദേശിച്ചു. ഇക്കാര്യം അര്‍ച്ചന അറിയിച്ചു. ഉടന്‍ തന്നെ കത്തിയെടുത്ത് അര്‍ച്ചനയുടെ കഴുത്തില്‍ അമര്‍ത്തിയ മോഷ്ടാവ്, വീട്ടിലെ പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും എടുത്തുനല്‍കാനും ഇല്ലെങ്കില്‍ അമ്മയെ കൊല്ലുമെന്നും ദിശാന്തിനെ ഭീഷണിപ്പെടുത്തി.

അപ്രതീക്ഷിതമായ ആക്രമണത്തില്‍ പകച്ചുപോയ ദിശാന്ത് മോഷ്ടാവിന്റെ കാല്‍ക്കല്‍വീണ് അമ്മയെ വെറുതെവിടാന്‍ അപേക്ഷിച്ചു. എന്നാല്‍ പണം കിട്ടാതെ അര്‍ച്ചനയെ വിടില്ലെന്ന് ഭീഷണിപ്പെടുത്തിയതോടെ ഒരുനിമിഷത്തെ മിന്നല്‍ പ്രത്യാക്രമണത്തിലൂടെ ദിശാന്ത് മോഷ്ടാവിനെ നിരായുധനാക്കി. തുടര്‍ന്ന് അര്‍ച്ചനയും ദിശാന്തും ചേര്‍ന്ന് മോഷ്ടാവിനെ കീഴ്പ്പെടുത്തുകയായിരുന്നു.  ജനുവരി 26 ന് ന്യൂഡല്‍ഹിയില്‍വെച്ച് റിപ്പബ്‌ളിക് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നു ദിശാന്ത് ധീരതക്കുള്ള അവാര്‍ഡും സാക്ഷിപത്രവും ഏറ്റുവാങ്ങും.