കുമ്മനം രാജശേഖരന്‍ നേതൃത്വം നല്‍കുന്ന ബി.ജെ.പിയുടെ കേരളയാത്ര ജനുവരി 20 ന്‌ ആരംഭിക്കും

single-img
30 December 2015

Kummanamതിരുവനന്തപുരം: ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരന്‍ നേതൃത്വം നല്‍കുന്ന കേരളയാത്രയുടെ തീയതി തീരുമാനിച്ചു. ജനുവരി 20 ന്‌ ആരംഭിക്കുന്ന യാത്ര ഫെബ്രുവരി 10 നു സമാപിക്കുമെന്ന് ഇന്നലെ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. യാത്രയില്‍ ആരൊക്കെ പങ്കെടുക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ ഇന്നു ചേരുന്ന ഭാരവാഹി യോഗത്തിലും സംസ്‌ഥാന കൗണ്‍സിലിലും തീരുമാനിക്കും.

യാത്ര കൂടാതെ പുനഃസംഘടന, നിയമസഭാ തെരഞ്ഞെടുപ്പ്‌, മുന്നണി രൂപീകരണം എന്നിവയെ സംബന്ധിച്ചാണു കോര്‍ കമ്മിറ്റിയില്‍ ചര്‍ച്ച നടന്നത്‌. മുപ്പതു ശതമാനം ഭാരവാഹികളും മാറിയുള്ള പുനഃസംഘടന വേണമെന്ന ആവശ്യം കുമ്മനം തന്നെ ആദ്യം ഉന്നയിക്കുകയായിരുന്നു.
എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പു വരെ പുനഃസംഘടന വേണ്ടെന്ന നിര്‍ദേശം മുന്‍ പ്രസിഡന്റ്‌ വി. മുരളീധരന്‍ മുന്നോട്ടുവെച്ചു. അടിമുടി മാറ്റുന്ന പുനഃസംഘടന പാര്‍ട്ടിയെ വെട്ടിലാക്കുമെന്ന മുരളീധരന്റെ അഭിപ്രായത്തോടു ഭൂരിപക്ഷം അംഗങ്ങളും യോജിച്ചു.

എസ്‌.എന്‍.ഡി.പി. യോഗത്തിന്റെ രാഷ്ര്‌ടീയ പാര്‍ട്ടിയായ ഭാരത്‌ ധര്‍മ്മ ജനസേനയുമായി  രണ്ടാംഘട്ട ചര്‍ച്ച നടത്താനും കോര്‍ കമ്മിറ്റിയില്‍ തീരുമാനമായി. ഒന്നിച്ചു നില്‍ക്കുമ്പോഴും ബി ടീമായി മാറാത്ത തരത്തിലുള്ള സഖ്യമാകണം ഉണ്ടാക്കേണ്ടതെന്ന അഭിപ്രായമുണ്ടായി. തെരഞ്ഞെടുപ്പ്‌ മേല്‍നോട്ടത്തിനായി 20 അംഗ സമിതിയെ നിയോഗിക്കാനും തീരുമാനമുണ്ടായി.  ഇന്നു രാവിലെ 10 ന്‌  നടക്കുന്ന യോഗത്തില്‍ കേരളത്തിന്റെ ചുമതലയുള്ള മംഗലാപുരം എം.പി. നളിന്‍ കുമാര്‍ കാട്ടീല്‍ പങ്കെടുക്കും. തുടര്‍ന്നു ഉച്ചയ്‌ക്കു രണ്ടിന്‌ നടക്കുന്ന കൗണ്‍സിലില്‍ കുമ്മനം നയ വിശദീകരണം നടത്തും.