സൗദിയില്‍ മലയാളികള്‍ ആക്രമിക്കപ്പെടുന്ന ദൃശ്യം ആസൂത്രിതമായി തയ്യാറാക്കിയതെന്ന് സ്‌പോണ്‍സര്‍; ജോലി ചെയ്യാത്തതിന് ഇവരെ ഹുറൂബാക്കിയതിന്റെ പേരിലാണ് പ്രതികാരം ചെയ്യുകയായിരുന്നു

single-img
30 December 2015

saudiറിയാദ്: സൗദിയില്‍ മലയാളികള്‍ ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ആസൂത്രിതമായി തയ്യാറാക്കിയതെന്ന് സ്‌പോണ്‍സര്‍. ജോലിയില്‍ നിന്നും വിട്ടുനിന്നതിനാലാണ് ഇവരെ ഒഴിവാക്കിയതെന്നും സ്‌പോണ്‍സര്‍ പറയുന്നു. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി ഒരു പ്രശ്‌നവും തൊഴിലാളികള്‍ക്ക് ഉണ്ടായിട്ടില്ല. ശമ്പളത്തിന് പുറമേ അവര്‍ക്ക് മെച്ചപ്പെട്ട താമസ സൗകര്യം, ഭക്ഷണം, ചികിത്സ, തുടങ്ങിയവയും സാമാന്യം നല്ല ശമ്പളവും സൗജന്യമായി ഇഖാമയും നല്‍കുന്നു. ഇതിലപ്പുറം എന്താണ് അവര്‍ക്ക് വേണ്ടതെന്നും സ്പോണ്‍സര്‍ ചോദിക്കുന്നു.

തന്നെയും കുടുംബത്തെയും അസഭ്യം പറഞ്ഞു പ്രകോപിപ്പിച്ച് മര്‍ദിപ്പിക്കുകയായിരുന്നു എന്ന് സ്‌പോണ്‍സര്‍ അബ്ദുല്ല അല്‍ ബാറക് പറഞ്ഞു. ഒരാള്‍ ഒളിഞ്ഞിരുന്ന് അത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ വര്‍ഷങ്ങളായി തന്നോടൊപ്പം ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്കാര്‍ക്കും ഇതുവരെ ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. എല്ലാ ജോലിക്കാരെയും താന്‍ സ്‌നേഹിക്കുകയും വാഗ്ദാനം ചെയ്ത ശമ്പളം കൃത്യമായി നല്‍കുകയും ചെയ്യുന്നുണ്ടെന്നു അബ്ദുള്ള അല്‍ ബാറക് പറഞ്ഞു. ഒരു കാരണവുമില്ലാതെ ജോലിയില്‍ നിന്ന് വിട്ടു നിന്നതിനാലാണ് മൂന്നാളുകളെ ഹുറൂബ് ആക്കിയത്. ഇതിനു പകരം വീട്ടുകയായിരുന്നു അവരെന്നു സ്‌പോണ്‍സര്‍ ആരോപിച്ചു. രണ്ട് വര്‍ഷം മുമ്പ് അപകടത്തില്‍ മരിച്ച ഇന്ത്യന്‍ തൊഴിലാളിയുടെ കുടുംബത്തിന് എല്ലാ മാസവും ധനസഹായം ചെയ്യുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മറ്റു തൊഴിലാളികളും തങ്ങള്‍ക്ക് മോശമായ അനുഭവം സ്‌പോണ്‍സറില്‍ നിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞു.  കഴിഞ്ഞ ദിവസം സൗദിയിലെ ശുഖൈഖില്‍ മലയാളികളെ ജോലി സ്ഥലത്ത് വെച്ച് സ്‌പോണ്‍സര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ദേശീയ ശ്രദ്ധ നേടിയിരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെട്ടതിനെ തുടര്‍ന്ന് അക്രമത്തിനിരയായ ബൈജു, അഭിലാഷ്, ബിമല്‍ എന്നിവരെ നാട്ടിലേക്ക് കയറ്റി അയച്ചു.