മദ്യപിച്ചിട്ടുണ്ടോയെന്ന പോലീസ് പരിശോധനയില്‍ പ്രകോപിതരായ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ മിന്നല്‍പണിമുടക്ക്; പൊറുതിമുട്ടിയ ജനം കെഎസ്ആര്‍ടിസി ജീവനക്കാരെ കൈവെച്ചു

single-img
30 December 2015

bus-strikeതിരുവനന്തപുരം: മദ്യപിച്ചിട്ടുണ്ടോയെന്ന പോലീസ് പരിശോധനയില്‍ പ്രകോപിതരായ കിഴക്കേകോട്ടയിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ മിന്നല്‍പണിമുടക്ക്. ബസ് ഡ്രൈവറെ അകാരണമായി പോലീസ് കസ്റ്റഡിയിലെടുത്തെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഡ്രൈവര്‍മാര്‍ ബസ്സുകള്‍ തലങ്ങും വിലങ്ങുമിട്ട് നടത്തിയ സമരം തലസ്ഥാനനഗരത്തെ യുദ്ധക്കളമാക്കി.ഒടുവില്‍ മണിക്കൂറുകള്‍ പിന്നിട്ടിട്ടും ബസ്സെടുക്കാന്‍ വിസമ്മതിച്ച ഡ്രൈവര്‍മാരെ യാത്രക്കാര്‍ കൈയേറ്റംചെയ്തു.

തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ അലസമായി വാഹനമോടിക്കുന്ന മുഴുവന്‍ ഡ്രൈവര്‍മാരെയും ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് മദ്യപിച്ചിട്ടുണ്ടോ എന്ന പരിശോധന നടത്താന്‍ പോലീസ് തീരുമാനിച്ചിരുന്നു. കിഴക്കേകോട്ടയില്‍ പോലീസ് പരിശോധനയോട് സഹകരിക്കാന്‍ തയ്യാറാവാത്ത കെഎസ്ആര്‍ടിസി ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്തതോടെ ബസ്സുകളിലെ ഡ്രൈവര്‍മാര്‍ ബസ് റോഡിലിട്ട് ഇറങ്ങിപ്പോവുകയായിരുന്നു.

തിരക്കേറിയ റോഡില്‍ കല്ലേറും മര്‍ദ്ദനവുമായി ഡ്രൈവര്‍മാരും യാത്രക്കാരും പോലീസും ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന് നഗരം സ്തംഭിച്ചു. പരിക്കേറ്റ ഒരു പോലീസുകാരനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് ഡ്രൈവര്‍മാര്‍ക്കും മര്‍ദ്ദനത്തില്‍ പരിക്കേറ്റു. സംഘര്‍ഷത്തില്‍ മൂന്ന് ബസ്സുകള്‍ തല്ലിത്തകര്‍ത്തു.ഓഫീസ് വിട്ടെത്തിയവരും മറ്റിടങ്ങളില്‍ പോകേണ്ടവരും സമരത്തില്‍പ്പെട്ട് വലഞ്ഞു.  ചൊവ്വാഴ്ച വൈകുന്നേരം ആറോടെ കിഴക്കേക്കോട്ട ഗാന്ധിപാര്‍ക്കിന് മുന്നിലായിരുന്നു സംഘര്‍ഷം തുടങ്ങിയത്. പാപ്പനംകോട് ഡിപ്പോയിലെ ബസ് ഡ്രൈവര്‍ എസ്.കെ.മണി മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനായി, യാത്രക്കാരുമായി എത്തിയ ബസ് പോലീസ് തടഞ്ഞു.

നെയ്യാറ്റിന്‍കരയിലേക്ക് പുറപ്പെട്ടതായിരുന്നു ബസ്.ബ്രീത്തിങ് അനലൈസറുമായി പോലീസ് എത്തിയതോടെ ഡ്രൈവര്‍ പുറത്തിറങ്ങി അതുവഴി കടന്നുപോയ മറ്റ് ബസ്സുകളെ കൈകാണിച്ചുനിര്‍ത്തി. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയായി. ഡ്രൈവര്‍ എസ്.കെ.മണിയെ പോലീസ് ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതോടെ മറ്റ് ഡ്രൈവര്‍മാര്‍ ബസ്സുകള്‍ റോഡിനുകുറുകെയും വിലങ്ങനെയും നിര്‍ത്താന്‍ തുടങ്ങി. മൂന്ന് മണിക്കൂറിലേറെ സംഘര്‍ഷം നീണ്ടു.ഡ്രൈവര്‍ക്കെതിരെ കേസെടുക്കരുതെന്ന് കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടു.

ഇയാളെ ജാമ്യത്തില്‍ വിടാന്‍ പോലീസ് തയ്യാറായതോടെയാണ് ബസ്സുകള്‍ നിരത്തില്‍നിന്ന് മാറ്റാന്‍ ഡ്രൈവര്‍മാര്‍ തയ്യാറായത്. ഇതിനിടയില്‍ കെ.എസ്.ആര്‍.ടി.സി.യിലെ എംപാനല്‍ ജീവനക്കാര്‍ ഡ്രൈവര്‍മാര്‍ക്കെതിരെ രംഗത്തെത്തിയത് വീണ്ടും സംഘര്‍ഷത്തിനിടയാക്കി. എന്നാല്‍, പോലീസ് ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.