ചെന്നൈയില്‍ പ്രളയം ഏറ്റവുമധികം ബാധിച്ച ഭാഗങ്ങളിൽ പുനരധിവാസ പദ്ധതി നടപ്പാക്കുമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ

single-img
29 December 2015

apചെന്നൈയില്‍ പ്രളയം ഏറ്റവുമധികം ബാധിച്ച  ഭാഗങ്ങളിൽ പുനരധിവാസ പദ്ധതി നടപ്പാക്കുമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ.  എസ്‌വൈഎസിന്റെ കീഴിലുള്ള സാന്ത്വനം കർമ്മ പദ്ധതിയുടെ ഭാഗമായി മുസ്‌ലിം ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (എംഒഐ) ചെന്നൈ ഘടകം മുഖേനയാണു പദ്ധതി നടപ്പാക്കുക.

കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള സംഘം പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. പദ്ധതി നടപ്പാക്കാൻ ആവശ്യമായ ഫണ്ടിന്റെ ആദ്യ ഗഡു എംഒഐ നേതാക്കൾക്കു കൈമാറി. ഭവന രഹിതർക്കു വീടു നിർമ്മിച്ചു നൽകുക, തകർന്ന വീടുകളുടെ പുനർ നിർമ്മാണം, സാധനങ്ങളുടെയും ഉപകരണങ്ങളുടെയും വിതരണം എന്നിവയ്ക്കാണു മുൻഗണന നൽകുകയെന്നു കാന്തപുരം പറഞ്ഞു.

അത്തിപ്പേട്ടിൽ ഇരുനൂറു കുടുംബങ്ങൾക്കു ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ചെന്നൈയുടെ വിവിധ ഭാഗങ്ങളിൽ ഭക്ഷണം, വസ്ത്രം, പഠനോപകരണങ്ങൾ എന്നിവയുടെ വിതരണത്തിനായി ഇതിനകം 25 ലക്ഷത്തോളം രൂപ ചെലവഴിച്ചതായി എംഒഐ ഭാരവാഹികൾ പറഞ്ഞു.