മദ്യനയം സമ്പൂര്‍ണ്ണമായി അംഗീകരിച്ച സുപ്രീം കോടതി വിധി ചരിത്ര പ്രധാനമാണെന്ന് വി.എം സുധീരന്‍

single-img
29 December 2015

sudheeran-650_050414104731തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ മദ്യനയം സമ്പൂര്‍ണ്ണമായി അംഗീകരിച്ച സുപ്രീം കോടതി വിധി ചരിത്ര പ്രധാനമാണെന്ന്  വി.എം സുധീരന്‍. നാടിനെ സനേഹിക്കുന്ന എല്ലാവരും ഒരേപോലെ സ്വാഗതം ചെയ്യുന്ന വിധിയാണിത്. വളരെ മാതൃകാപരമായ നടപടിയാണ് സര്‍ക്കാരിന്റേത്. മദ്യത്തിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരികയെന്നത് കെ.കരുണാകരന്റെ കാലം മുതല്‍ യു.ഡി.എഫ് നടപ്പിലാക്കിവരുന്നതാണ്. സമൂഹത്തില്‍ ഗുണപരമായ ഏറെ മാറ്റങ്ങള്‍ക്ക് ഇത് വഴിവച്ചു. 2014 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കണക്കുമായി പരിശോധിച്ചാല്‍ അഞ്ചര കോടി ലിറ്റര്‍ മദ്യഉപഭോഗത്തിന്റെ കുറവ് ഈ കാലഘട്ടത്തിലുണ്ടായി.

മദ്യവ്യപാരം മൗലികാവകാശമല്ല എന്നത് നേരത്തെ തന്നെ സുപ്രീം കോടതി വ്യക്തമാക്കിയതാണ്. യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം നൂറുശതമാനം ശരിവച്ചത് സര്‍ക്കാരിനും അതിനു നേതൃത്വം നല്‍കിയ മുഖ്യമന്ത്രിക്കും നയത്തെ പിന്തുണച്ച ജനങ്ങള്‍ക്കുള്ള അംഗീകാരമുള്ളതെന്നും അദ്ദേഹം പറഞ്ഞു. മദ്യവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍, അപകടങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍ എന്നിവയില്‍ കുറവ് വന്നിട്ടുണ്ട്.

സ്ത്രീകള്‍ക്ക് ഏറെ ആശ്വാസകരമാണ്. ത്രിതല പഞ്ചാലയത്തുകളും മദ്യവിരുദ്ധപ്രസ്ഥാനങ്ങളും രാഷ്ട്രീയ കക്ഷികളും ഒരുമിച്ചാല്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയും. മദ്യനയം പ്രവര്‍ത്തികമല്ല എന്ന ചിലഭാഗങ്ജളില്‍ നിന്നുള്ള വാദം ശരിയല്ല. നയം ആവിഷ്‌കരിക്കുക എന്നത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സുധീരന്‍ പറഞ്ഞു.

മദ്യനയം സര്‍ക്കാരിന്റെ കൂട്ടായ തീരുമാനമാണ്. ബാറുടമകളുടെ ഒരു വിരട്ടലും യു.ഡി.എഫിനോടു വേണ്ട. തെറ്റായ പ്രചാരണങ്ങള്‍ നടത്തിയ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാമെന്ന് ബാറുടമകള്‍ വിചാരക്കേണ്ട. പാവപ്പെട്ടവരെ പിഴിഞ്ഞ് വന്‍ ലാഭമുണ്ടാക്കാന്‍ അവര്‍ ശ്രമിക്കേണ്ട. അത് വിലപ്പോവില്ലെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.