ഡല്‍ഹിയില്‍ ആപ്പ് നേതാവിനെ കൊന്ന് ചതുപ്പില്‍ തള്ളി; മൃതദേഹത്തിന്റെ ലിംഗം ഛേദിച്ച നിലയില്‍

single-img
29 December 2015

aapന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എ എ പിയുടെ പ്രദേശിക നേതാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചതുപ്പില്‍ തള്ളി. പാര്‍ട്ടി പൂര്‍വാഞ്ചല്‍ വിഭാഗം ജില്ലാ പ്രസിഡന്റ് ധീരേന്ദ്ര ഈശ്വറിനെയാണ് കൊലപ്പെടുത്തിയത്. മൃതദേഹത്തില്‍ ക്രൂരമായ മര്‍ദ്ദനത്തിന്റെ പാടുകളുണ്ട്. ലിംഗം ഛേദിച്ച നിലയിലാണ്.

ഞായറാഴ്ച വൈകിട്ട് ആറു മണിക്ക് പശ്ചിമ ഡല്‍ഹിയില്‍  പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ ഈശ്വറിനെ പിറ്റേന്ന് പുലര്‍ച്ചെ വീടിനു 100 മീറ്റര്‍ അകലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തില്‍ നിരവധി തവണ കുത്തേറ്റിട്ടുണ്ട്. ഘനമുള്ള വസ്തുകൊണ്ട് മുഖം ഇടിച്ചുചതച്ച നിലയിലാണെന്ന് പോലീസ് അറിയിച്ചു. കുടുംബാംഗങ്ങള്‍ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. വീടിനു സമീപത്തോ മറ്റെവിടെയെങ്കിലും വച്ചോ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചതുപ്പില്‍ തള്ളിയതാണെന്നാണ് പോലീസിന്റെ നിഗമനം.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിരവധി പേരെ ഇതുവരെ ചോദ്യം ചെയ്തുകഴിഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് മാറ്റിയതായി പോലീസ് അറിയിച്ചു.വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രഥമദൃഷ്ട്യ പോലീസ് കരുതുന്നത്.