രാഷ്‌ട്രപതി ധീരതക്കുള്ള അവാര്‍ഡിന്‌ കേരളത്തില്‍ നിന്നുള്ള ആറു കുട്ടികള്‍ അര്‍ഹരായി

single-img
29 December 2015

deerathaതിരുവനന്തപുരം: രാഷ്‌ട്രപതി ധീരതക്കുള്ള അവാര്‍ഡിന്‌ കേരളത്തില്‍നിന്ന്‌ ആറുപേരെ തെരഞ്ഞെടുത്തു. കേരള സംസ്‌ഥാന ശിശുക്ഷേമ സമിതിയുടെ അഡ്‌മിനിസ്‌ട്രേറ്ററും ജില്ലാ കലക്‌ടറുമായ ബിജു പ്രഭാകറുമാണ് ഈ വിവരം അറിയിച്ചത്. സി.എം. ആരോമല്‍ -സ്‌പെഷല്‍ അവാര്‍ഡ്‌ (നെയ്യാറ്റിന്‍കര, തിരുവനന്തപുരം), ബീഥോവന്‍ (പളളിത്തുറ, തിരുവനന്തപുരം), അനന്ദു ദിലീപ്‌ (വൈക്കം, കോട്ടയം), നിതിന്‍ ഫിലിപ്പ്‌ മാത്യു (മണിപ്പുഴ കോട്ടയം), കെ.വി. അഭിജിത്ത്‌ (തളിപ്പറമ്പ്‌, കണ്ണൂര്‍), മുഹമ്മദ്‌ ഷംനാദ്‌ (വളള്യാട്‌, കോഴിക്കോട്‌) എന്നിവര്‍ക്കാണ്‌ അവാര്‍ഡ്‌.

ജനുവരി 26നു ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക്‌ദിന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അവാര്‍ഡുകള്‍ സമ്മാനിക്കും. റിപ്പബ്ലിക്‌ദിന പരേഡിലും ഇവര്‍ പങ്കെടുക്കും. ആറുപേരുടെയും തുടര്‍വിദ്യാഭ്യാസച്ചെലവുകള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ്‌ വെല്‍ഫെയറായിരിക്കും വഹിക്കുക.

സി.എം. ആരോമല്‍ (സ്‌പെഷല്‍ അവാര്‍ഡ്‌): നെയ്യാറ്റിന്‍കര ആമോട്ടുകോണം വടക്കേക്കുളത്തില്‍ വീണ ആര്യ, ശുഭ എന്നീ യുവതികളെ രക്ഷപ്പെടുത്തിയതിനാണ്‌ പന്ത്രണ്ടുകാരനായ ആരോമലിനു പുരസ്‌കാരം.  നെയ്യാറ്റിന്‍കര ആമോട്ടുകോണം വൈഷണവത്തില്‍ എന്‍.സി.സി. ഉദ്യോഗസ്‌ഥന്‍ ജി.സുനില്‍കുമാറിന്റെയും മിനി കുമാരിയുടെയും മകനാണ്‌.

അഭിജിത്ത്‌ കെ.വി: ക്ഷേത്രക്കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ മുങ്ങിത്താഴ്‌ന്ന അയല്‍വാസി സൗരവിനെ ജീവിതത്തിലേക്ക്‌ മടക്കിക്കൊണ്ടുവന്നതിനാണ്‌ പതിനാറുകാരനായ അഭിജിത്താണ്.  കണ്ണൂര്‍ തളിപ്പറമ്പ്‌ കീഴറ്റൂര്‍ കേളോത്തു വളപ്പില്‍ ഹൗസില്‍ കെ.വി. പ്രകാശന്റെ മകനായ അഭിജിത്ത്‌.

അനന്ദു ദിലീപ്‌: തോട്ടിലെ കുത്തൊഴുക്കില്‍ മുങ്ങിത്താഴ്‌ന്ന സഹപാഠിയായ സൂര്യദേവനെ രക്ഷപ്പെടുത്തിയതിനാണ്‌ ഒമ്പതാം ക്ലാസുകാരനായ അനന്ദുവിനു ധീരതാ അവാര്‍ഡ്‌. ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ഥിയായ അനന്ദു കുടവെച്ചൂര്‍ കാവിടേഴത്തുറ ദിലീപിന്റെയും സുപതയുടെയും മകനാണ്‌.

മുഹമ്മദ്‌ ഷംനാദ്‌: കുളത്തില്‍ വീണ ഒന്നരവയസുകാരിക്ക്‌ രക്ഷകനായതിനാണ്‌ പത്താംക്ലാസുകാരനായ മുഹമ്മദ്‌ ഷംനാദിനു പുരസ്‌കാരം.  കോഴിക്കോട്‌ വള്ള്യാട്‌ ജാനത്ത്‌ ഹൗസില്‍ കുഞ്ഞബ്‌ദുള്ളയുടെയും സുലൈഖയുടെയും മകനായ ഷംനാദ്‌ കടമേരി ആര്‍.എ.സി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ്‌ വിദ്യാര്‍ഥിയാണ്‌.

ബിഥോവന്‍: വീട്ടുപറമ്പില്‍ തേങ്ങയിടാന്‍ ശ്രമിക്കുമ്പോള്‍ 11 കെ.വി. ലൈനില്‍നിന്നു ഷോക്കേറ്റ കൂട്ടുകാരന്‍ ജോയലിന്റെ രക്ഷകനായതിനാണ്‌ പതിനാലുകാരനായ ബിഥോവനു പുരസ്‌കാരം.   പത്താംക്ലാസ്‌ വിദ്യാര്‍ഥിയായ ബിഥോവന്‍ പളളിത്തുറ കാറ്റാടിത്തോപ്പില്‍ ടെറി എ. റോക്കിയുടെയും റീജയുടെയും മകനാണ്‌.

നിതിന്‍ ഫിലിപ്പ്‌ മാത്യു: അടഞ്ഞുകിടന്ന വീട്ടിനുള്ളിലെ ഗ്യാസ്‌ സിലിണ്ടറില്‍ തീ പടരുന്നതുകണ്ട്‌ വാതില്‍ ചവിട്ടിത്തുറന്നു സിലിണ്ടര്‍ പുറത്തേക്കെറിഞ്ഞ്‌ അപകടം ഒഴിവാക്കിയതിനാണു നിതിന്‌ അവാര്‍ഡ്‌.  എട്ടാം ക്ലാസ്‌ വിദ്യാര്‍ഥിയായ നിതിന്‍ മണിപ്പുഴ വെളുത്തേടത്ത്‌ കാട്ടില്‍ മാത്യു വി. ഫിലിപ്പിന്റെയും ബിനു മാത്യുവിന്റെയും മകനാണ്‌.