നെഹ്രുവിനും സോണിയാക്കും എതിരെ ലേഖനം;കോണ്‍ഗ്രസ് മുഖപത്രത്തിന്റെ പത്രാധിപസമിതി അംഗത്തെ പുറത്താക്കി

single-img
29 December 2015

congress-darshanമുംബൈ: ജവാഹര്‍ലാല്‍ നെഹ്രുവിനേയും  സോണിയാഗാന്ധിയേയും വിമര്‍ശിച്ച് ലേഖനങ്ങള്‍ എഴുതിയ കോണ്‍ഗ്രസ് മുഖപത്രത്തിന്റെ  പത്രാധിപസമിതി അംഗത്തെ പുറത്താക്കി.  മുംബൈപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ‘കോണ്‍ഗ്രസ് ദര്‍ശന്‍’ മാസികയുടെ ഡിസംബര്‍ ലക്കത്തിലാണ് പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കിയ ലേഖനങ്ങള്‍ വന്നത്.  മാസികയുടെ മുഖ്യചുമതലയുള്ള പത്രാധിപസമിതി അംഗം സുധീര്‍ ജോഷിയെ പുറത്താക്കി.

മുംബൈ പി.സി.സി. അധ്യക്ഷന്‍ സഞ്ജയ് നിരുപമാണ് മാസികയുടെ പത്രാധിപര്‍.  പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയെക്കുറിച്ചും ആദ്യകാല നേതാക്കളില്‍ പ്രമുഖനായ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിനെക്കുറിച്ചും വന്ന ലേഖനത്തിലാണ് വിവാദപരാമര്‍ശങ്ങള്‍. പേരുവെക്കാതെയുള്ള ലേഖനങ്ങളാണിവ.

ഇത്തരത്തില്‍ വലിയ അബദ്ധം സംഭവിച്ചതിനെക്കുറിച്ച് അന്വേഷിക്കുമെന്നും നിര്‍ഭാഗ്യകരമായ സംഭവത്തില്‍ അതീവ ദുഃഖമുണ്ടെന്നും പത്രാധിപരായ സഞ്ജയ് നിരുപം പറഞ്ഞു.   ‘മുംബൈ ദര്‍ശനി’ലെ ലേഖനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് പഠിച്ചിട്ട് മറുപടി പറയാമെന്നാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് വക്താവ് സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞത്. എന്നാല്‍ ‘എല്ലാറ്റിനും സോണിയാഗാന്ധി മറുപടി പറയട്ടെ’ എന്നായിരുന്നു കേന്ദ്രമന്ത്രിയും ബി.ജെ.പി.നേതാവുമായ പ്രകാശ് ജാവദേക്കറുടെ പ്രതികരണം.

‘രാജ്യത്തെ ആദ്യ മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ സര്‍ദാര്‍ പട്ടേലിന്റെ അഭിപ്രായങ്ങള്‍ക്ക് നെഹ്രു ചെവികൊടുക്കണമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ കശ്മീര്‍പ്രശ്‌നവും ചൈനയും ടിബറ്റും നേപ്പാളും തമ്മിലുള്ള ബന്ധങ്ങളും ഇത്രയേറെ വഷളാവുമായിരുന്നില്ല’- ലേഖനത്തില്‍ പറയുന്നു.

‘കര്‍മകുശലയായ പാര്‍ട്ടി അധ്യക്ഷ’ എന്ന ശീര്‍ഷകത്തില്‍ സോണിയയെപ്പറ്റി പ്രസിദ്ധീകരിച്ച ലേഖനത്തില്‍ അവരുടെ പിതാവ് ഇറ്റാലിയന്‍ ഫാസിസ്റ്റ് സേനയിലെ കൂലിപ്പട്ടാളക്കാരനായിരുന്നെന്നാണ് ആരോപിക്കുന്നത്. ഏറ്റവും കുറഞ്ഞകാലം പാര്‍ട്ടി അംഗമായിരുന്നിട്ട് നേരിട്ട് ദേശീയ അധ്യക്ഷപദവിയിലെത്തിയതും സോണിയയാണ്. പാര്‍ട്ടി അംഗത്വം നേടി 62 ദിവസം കഴിയുമ്പോഴേക്കും അവരെ ദേശീയ അധ്യക്ഷയായി തിരഞ്ഞെടുത്തു. സര്‍ക്കാറുണ്ടാക്കാന്‍ സോണിയ വിഫലശ്രമം നടത്തുകയും ചെയ്തു -ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.