നെഹ്‌റുവിനെയും സോണിയയേയും വിമര്‍ശിച്ച് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് മുഖപത്രം; സോണിയയുടെ പിതാവ് ഫാസിസ്റ്റ് സേനാംഗം

single-img
28 December 2015

congress-darshanമുംബൈ: ഇന്ത്യുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിനെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയേയും വിമര്‍ശിച്ച് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് മുഖപത്രം.  കോണ്‍ഗ്രസ് ദര്‍ശനിലാണ് പാര്‍ട്ടിയുടെ പ്രതിപുരുഷനായ ജവഹര്‍ലാല്‍ നെഹ്‌റുവിനെയും സോണിയയെയും വിമര്‍ശിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചത്. സോണിയയുടെ പിതാവ് ഇറ്റലിയിലെ ഫാസിസ്റ്റ് സേനയിലെ അംഗമായിരുന്നുവെന്ന വിവാദ പരാമര്‍ശവുമുണ്ട്.

സോണിയയുടെ ജീവിതം പറയുന്ന ലേഖനത്തില്‍ അവരുടെ പിതാവ് ഇറ്റലിയില്‍ മുസോളനിയുടെ ഫാസിസ്റ്റ് സേനയിലെ അംഗമായിരുന്നെന്ന് എടുത്തുപറയുന്നുണ്ട്. 1997ല്‍ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം എടുത്ത് രണ്ട് മാസത്തിനുള്ളില്‍ സോണിയ കോണ്‍ഗ്രസ് അധ്യക്ഷയായെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിഫല ശ്രമം നടത്തിയെന്നും മറ്റൊരു ലേഖനം വിമര്‍ശിക്കുന്നു.

മറ്റൊരു ലേഖനത്തില്‍  ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നയങ്ങളെ വിമര്‍ശിക്കുന്നുണ്ട്. പ്രധാനമന്ത്രിയായ നെഹ്‌റു ഉപപ്രധാനമന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ഉപദേഷങ്ങള്‍ക്ക് ചെവികൊടുത്തില്ല. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന പട്ടേലിന്റെ ഉപദേശങ്ങള്‍ വകവെച്ചിരുന്നെങ്കില്‍ കശ്മീര്‍ ഇന്നത്തെ പോലെയാകുമായിരുന്നില്ല.

വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന നെഹ്‌റു കശ്മീര്‍ അന്ത്രാഷ്ട്ര വിഷയമാണെന്ന് പറഞ്ഞ് തന്റെ അധികാരപരിധിയില്‍ വെക്കുകയായിരുന്നു. കശ്മീര്‍ വിഷയത്തില്‍ പട്ടേലിന്റെ വീക്ഷണം പരിഗണിച്ചിരുന്നെങ്കില്‍ ഇന്നത്തെ പ്രശ്‌നങ്ങളുണ്ടാകുമായിരുന്നില്ലെന്നും  ലേഖനം വിമര്‍ശിക്കുന്നു. നെഹ്‌റുവിന്റെ ചൈന, ടിബറ്റ്, നേപ്പാള്‍ നയങ്ങളെയും ലേഖനം വിമര്‍ശിക്കുന്നുണ്ട്.

അതേസമയം, ലേഖനത്തിലെ വാക്കുകള്‍ വ്യാകുലപ്പെടുത്തുന്നതാണെന്നും ഉത്തരവാദിത്തമേറ്റെടുക്കുന്നതായും മുതിര്‍ന്ന പാര്‍ട്ടി നേതാവും മാസികയുടെ എഡിറ്ററുമായ സഞ്ജയ് നിരുപം പറഞ്ഞു. ഇക്കാര്യം വിശദമായി അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും ഇനി ഇത്തരമൊരു അബദ്ധം ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.