ദില്ലിയിലെ സ്‌കൂളുകള്‍ വൃത്തിഹീനമായാല്‍ ഇനിമുതല്‍ പ്രിന്‍സിപ്പലിനെതിരെ നടപടി; രണ്ട് വര്‍ഷത്തേക്ക് ശമ്പളവര്‍ദ്ധനവില്ല

single-img
26 December 2015

school-1-1_647_083015123854

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്‌കൂളും സ്‌കൂള്‍ പരിസരവും വൃത്തിഹീനമായി നിലനിര്‍ത്തിയാല്‍ ഇനിമുതല്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് എതിരെ നടപടിയ്ക്ക് നിര്‍ദ്ദേശം. വൃത്തിഹീനമായ സ്‌കൂളുകളുടെ പ്രിന്‍സിപ്പല്‍മാര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് ശമ്പളവര്‍ധനവ് നല്‍കേണ്ടെന്ന് തീരുമാനിച്ചതായി വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന ദില്ലി ഉപമുഖ്യമന്ത്രി മനീഷ്‌സിസോദിയ അറിയിച്ചു.

സംസ്ഥാനത്തെ 1000 സര്‍ക്കാര്‍ സ്‌കൂളുകളില്‍ 150 സ്‌കൂളുകളാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നത്. നാലംഗങ്ങള്‍ വീതമുള്ള 225 ടീമുകള്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് 150 സ്‌കൂളുകളുടെ പ്രിന്‍സിപ്പല്‍മാര്‍ക്ക് ഇന്‍ക്രിമെന്റ് നല്‍കേണ്ടെന്ന് തീരുമാനിച്ചത്. സ്‌കൂളും പരിസരവും വൃത്തിയാക്കണമെന്ന് സ്‌കൂളുകള്‍ക്ക് നേരത്തെ അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ ഇത് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും മേല്‍നടപടികള്‍ കൈക്കൊള്ളാത്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ തീരുമാനം എടുത്തിരിക്കുന്നത്.

സ്‌കൂളുടെയും പരിസരത്തെയും മാലിന്യത്തെക്കുറിച്ച് ജനങ്ങള്‍ക്ക് നേരിട്ട് ചിത്രങ്ങളെടുത്ത് സര്‍ക്കാരിനെ അറിയിക്കുന്നതിനായി ഒരു ആപ്പും വികസിപ്പിച്ചുവരുകയാണെന്ന് സിസോദിയ അറിയിച്ചു.