തീയേറ്റര്‍ കാന്റീനുകളിലെ കൊള്ള; ഉടന്‍ നടപടിയെന്ന് മനുഷ്യാവകാശ കമ്മിഷന്‍

single-img
26 December 2015

Theatre

സിനിമാ തീയേറ്ററുകളില്‍ പ്രവര്‍ത്തിക്കുന്ന ലഘുഭക്ഷണ ശാലകളില്‍ അധികം വില ഈടാക്കുന്നതിനെതിരേ മനുഷ്യാവകാശ കമ്മിഷന്‍. ഇതിനെതിരേ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി.കോശി ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി.

തീയേറ്റര്‍ കാന്റീനുകളില്‍ ഭക്ഷണസാധനങ്ങള്‍ക്ക് അനുവദനീയമായതിലും ഏറെ അധികം വിലയിലാണ് വില്‍ക്കുന്നത്. ഭക്ഷണപാനീയങ്ങള്‍ക്ക് ഇരട്ടിയോ അതിലധികമോ വില ഈടാക്കുന്നതായി പലയിടങ്ങളില്‍ നിന്നും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ നടപടിയെടുക്കാന്‍ ചുമതലപ്പെട്ടവര്‍ മൗനം പാലിക്കുകയാണ്. പല തിയേറ്റര്‍ കാന്റീനുകളിലേയും സ്ഥിതി ഇതുതന്നെ. ചോദിച്ചാല്‍ തീയേറ്ററുകാര്‍ക്ക് കൊടുക്കേണ്ട ഉയര്‍ന്ന വാടകയേപ്പറ്റി പറഞ്ഞ് കൈമലര്‍ത്തുകയാവും പല കാന്റീന്‍ നടത്തിപ്പുകാരും ചെയ്യുക. ഭൂരിഭാഗം തീയേറ്ററുകളും കാന്റീന്‍ നടത്തിപ്പ് വാടകയ്ക്ക് കൊടുക്കാറാണ് പതിവ്.
ഇതിനുപുറമേ പല തീയേറ്ററുകളുടെയും ശോച്യാവസ്ഥയും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. ഭൂരിഭാഗം തീയേറ്ററുകളും എലികളുടെയും മൂട്ടകളുടെയും താവളമാണ്. സീറ്റുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്താറില്ല. ഫിറ്റ്‌നസ് ഉറപ്പാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രമിക്കാറുമില്ല. ഭക്ഷ്യസുരക്ഷാ വകുപ്പും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും മറ്റുമാണ് ഇതില്‍ ഇടപെടാന്‍ ഉത്തരവാദപ്പെട്ടവര്‍. എന്നാല്‍ അവര്‍ ഒഴിഞ്ഞുനില്‍ക്കുകയാണ്. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ തമ്പി സുബ്രഹ്മണ്യന്‍ ഫയല്‍ ചെയ്ത കേസിലാണ് നടപടി.