റീ-എന്‍ട്രി വിസയുടെ കാലാവധി കഴിഞ്ഞതിനാല്‍ ജോലിക്ക് തിരികെ കയറാന്‍ സാധിക്കാത്ത വിദേശികള്‍ക്ക് ഇനി വിസ നാട്ടിലിരുന്ന് പുതുക്കാം

single-img
21 December 2015

living_in_saudi_arabia

റീഎന്‍ട്രി വിസയുടെ കാലാവധി കഴിഞ്ഞതിനാല്‍ ജോലിക്ക് തിരികെ കയറാന്‍ സാധിക്കാത്ത വിദേശികള്‍ക്കും ആശ്രിത വിസയിലുള്ളവര്‍ക്കും വിദേശങ്ങളിലെ സൗദി എംബസികളില്‍ വിസ പുതുക്കാന്‍ സൗദി വിദേശകാര്യ മന്ത്രാലയം സൗകര്യം ഏര്‍പ്പെടുത്തി. ഈ സൗകര്യം പൊതു സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ വിദേശ തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും റീഎന്‍ട്രി വിസകള്‍ക്ക് ബാധകമാണെന്ന് വിദേശ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

റീഎന്‍ട്രി വിസ പുതുക്കുന്നതിന് തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍നിന്നും തൊഴിലുടമകളില്‍നിന്നുമുള്ള കത്തുകള്‍ ഹാജരാക്കണം. ഏഴു മാസത്തില്‍ അധികം സ്വദേശങ്ങളില്‍ കഴിയാത്ത വിദേശ തൊഴിലാളികളുടെയും ഒരു വര്‍ഷത്തില്‍ അധികം കാലം വിദേശങ്ങളില്‍ കഴിയാത്ത കുടുംബാംഗങ്ങളുടെയും റീഎന്‍ട്രിയാണ് വിദേശങ്ങളിലെ സൗദി എംബസികള്‍ പുതുക്കി നല്‍കുക. തൊഴിലാളികള്‍ ഹാജരാക്കുന്ന കത്ത് വിദേശമന്ത്രാലയം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് എന്നിവ സാക്ഷ്യപ്പെടുത്തിയിരിക്കണമെന്നും ഇഖാമ കോപ്പിയും അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണമെന്നും സൗദി വ്യക്തമാക്കി.

സ്‌പോണ്‍സറുമായി ബന്ധപ്പെട്ട വിവരങ്ങളും ആശ്രിത വിസയിലുള്ളവര്‍ രക്ഷാകര്‍ത്താവ്, ഭര്‍ത്താവ് ഇവരുടെ വിവരങ്ങളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. റീഎന്‍ട്രിയില്‍ സ്വദേശങ്ങളിലേക്ക് പോയി രോഗങ്ങളും കുടുംബ സാഹചര്യങ്ങളും മൂലം നിശ്ചിതസമയത്ത് തിരിച്ചെത്താന്‍ സാധിക്കാതെ വിസാ കാലാവധി അവസാനിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ക്കും ആശ്രിത വിസക്കാര്‍ക്കും പുതിയ നടപടി അനുഗ്രഹമാകുമെന്നാണ് പ്രതീക്ഷ.