ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ നേതൃകാലയളവില്‍ ഡല്‍ഹി ക്രിക്കറ്റ് ഭരണസമിതി ഇല്ലാത്ത കമ്പനികള്‍ക്കു കോടികള്‍ നല്‍കിയതുള്‍പ്പെടെ വ്യാജ രേഖകള്‍ ചമച്ചു വന്‍ കൊള്ള നടത്തിയതിന്റെ തെളിവുകളുമായി ബിജെപി എംപി

single-img
21 December 2015

arun-jetly

ബി.ജെ.പി മന്ത്രിക്കെതിരെ ബി.ജെ.പി എം.പി അഴിമതിയാരോപിച്ച് ശക്തമായി രംഗത്ത്. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ നേതൃകാലയളവില്‍ ഡല്‍ഹി ക്രിക്കറ്റ് ഭരണസമിതി ഇല്ലാത്ത കമ്പനികള്‍ക്കു കോടികള്‍ നല്‍കിയതുള്‍പ്പെടെ വ്യാജ രേഖകള്‍ ചമച്ചു വന്‍ കൊള്ള നടത്തിയതിന്റെ തെളിവുകളുമായി മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ കീര്‍ത്തി ആസാദ് രംഗത്തെത്തി.

ആസാദ് ജയ്റ്റ്‌ലിയെ പ്രതിക്കൂട്ടില്‍ കയറ്റിയത് വിക്കീലീക്‌സ് ഫോര്‍ ഇന്ത്യ എന്ന പേരിലുള്ള സംഘം നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ്. തൊട്ടുപിന്നാലെ ഡിഡിസിഎ ക്രമക്കേടുകളില്‍ ഡല്‍ഹി സര്‍ക്കാര്‍ സമഗ്ര അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം അന്വേഷണ സംഘത്തിനു നേതൃത്വം നല്‍കുമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ മാധ്യമങ്ങളെ അറിയിച്ചു.

എന്നാല്‍ ജയ്റ്റ്‌ലി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞശേഷമാണ് സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതെന്ന പ്രതിരോധവുമായി ഡിഡിസിഎ രംഗത്തെത്തി. എസ്.പി. ബന്‍സലിന്റെ ഭരണകാലത്താണ് അഴിമതി നടന്നതെന്നും അക്കാര്യം തങ്ങളുടെ ആഭ്യന്തര അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നും ഡിഡിസിഎ വൈസ് പ്രസിഡന്റ് ചേതന്‍ ചൗഹാന്‍ പറഞ്ഞു. എന്നാല്‍ ആസാദ് ഇതിനെ ഖണ്ഡിച്ചു.

1999 മുതല്‍ 2013 വരെയുള്ള കാലയളവിലാണ് ജയ്റ്റ്‌ലി പ്രസിഡന്റ് സ്ഥാനം വഹിച്ചതെന്നും ഈ സമയത്താണ് ഡിഡിസിഎ അഴിമതിയില്‍ മുങ്ങിയതെന്ന് ആസാദ് ആരോപിച്ചു. ഇക്കാലയളവില്‍ 14 വ്യാജ കമ്പനികള്‍ക്ക് 87 കോടി രൂപ ഡിഡിസിഎ നല്‍കിയെന്നും ആസാദ് പറഞ്ഞു. 2007ല്‍ പൂര്‍ത്തിയാക്കിയ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ‘കൗശ്‌നിക് ബില്‍ഡ്കാസ്റ്റ്’ എന്ന കമ്പനിക്ക് 11 കോടി നല്‍കി. എന്നാല്‍, ഈ കമ്പനി സ്ഥാപിച്ചതുതന്നെ 2009ല്‍ ആണെന്നു പിന്നീട് അന്വേഷണത്തില്‍ തെളിഞ്ഞുവെന്നും ആസാദ് പറഞ്ഞു.

ജെയ്റ്റിലിയുടെ നേതൃത്വത്തില്‍ വിവിധ കമ്പനികള്‍ക്കു പണം നല്‍കിയതിന്റെ രസീതില്‍ നല്‍കിയിട്ടുള്ള വിലാസങ്ങളെല്ലാം വ്യാജമാണെന്നും ഡല്‍ഹിയിലെ മധു വിഹാര്‍, സഫ്ദര്‍ജങ് എന്‍ക്ലേവ്, നെഹ്‌റു പ്ലേസ് എന്നിവിടങ്ങളിലെ വിലാസങ്ങളില്‍ കമ്പനിപോലും ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല സ്റ്റേഡിയത്തിലെ ആവശ്യങ്ങള്‍ക്കായി ലാപ്‌ടോപ്, പ്രിന്ററുകള്‍ എന്നിവ വാടകയ്‌ക്കെടുത്തതിലും വ്യാപക ക്രമക്കേട് നടന്നതായും ആസാദ് ചൂണ്ടിക്കാണിച്ചു. ഒരു ദിവസത്തേക്കു 16,000 രൂപവരെ നല്‍കിയാണു ലാപ്‌ടോപ് വാടകയ്‌ക്കെടുത്തതെന്നും ആസാദ് ആരോപിച്ചു.