കോപ്പിയടിച്ചതിന് ക്ലാസില്‍ നിന്നും പുറത്താക്കിയതില്‍ മനംനൊന്ത് വിദ്യാര്‍ഥിയും വിദ്യാര്‍ഥിനിയും നാടുവിട്ടു; മണിക്കൂറുകള്‍ക്കകം പോലീസിന്റെ പിടിയില്‍

single-img
19 December 2015

exams-W-E

കണ്ണൂര്‍: കോപ്പിയടിച്ചതിന് ക്ലാസില്‍ നിന്നും പുറത്താക്കപ്പെട്ടതിലും അധ്യാപകന്റെ ശകാരത്തിലും മനംനൊന്ത് വിദ്യാര്‍ഥിയും വിദ്യാര്‍ഥിനിയും നാടുവിട്ടു. മണിക്കൂറുകള്‍ക്കകം പോലീസ് ഇരുവരെയും പിടികൂടി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

കണ്ണൂര്‍ പരപ്പ ഹൈസ്‌കൂളിലെ 15 വയസുള്ള വിദ്യാര്‍ഥിയും വിദ്യാര്‍ഥിനിയുമാണ് നാടുവിടാന്‍ ശ്രമിച്ചത്. കോപ്പിയടിച്ചതിന് പുറത്താക്കപ്പെട്ട ഇരുവരോടും രക്ഷിതാക്കളെയും കൂട്ടി സ്‌കൂളിലെത്താന്‍ അധ്യാപകര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് രക്ഷിതാക്കളെയും കൂട്ടിയെത്തിയ ഇരുവരെയും അധ്യാപകര്‍ കണക്കിന് ശാസിച്ചു. ഇതില്‍ വേദനിച്ചാണ് വിദ്യാര്‍ഥികള്‍ നാടുവിടാന്‍ ഒരുങ്ങിയത്.

ഇരുവരും വൈകിട്ട് 4.30 മണിയോടെ പരപ്പയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍ കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്നു. പരപ്പയില്‍ നിന്നും ട്രെയിന്‍ കയറി കണ്ണപുരം റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങി. ഈ സമയത്താണ് ഇരുവരെയും കാണാതായ വിവരം പുറത്തുവന്നത്.

കണ്ണപുരത്ത് വെച്ച് ഇരുവരേയും തിരിച്ചറിഞ്ഞ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കുട്ടികളെ കണ്ടെത്തിയ വിവരം തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ അറിയിച്ചപ്പോഴേക്കും അടുത്ത ട്രെയിനില്‍ ഇരുവരും കാഞ്ഞങ്ങാട്ടെത്തിയിരുന്നു. ഇവിടെ വെച്ചാണ് രാത്രി 10 മണിയോടെ പോലീസ് ഇവരെ പിടികൂടിയത്. ചോദ്യം ചെയ്യലിന് ശേഷം വിദ്യാര്‍ഥികളെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.