സിപിഎം ഓഫീസില്‍ ബാങ്ക് ജീവനക്കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

single-img
18 December 2015

CPM (1)

പുനലൂര്‍: സിപിഎം ഓഫീസിലേക്ക് ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് എത്തി ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യാശ്രമം. തന്നെ മനപ്പൂര്‍വ്വം ദ്രോഹിക്കുകയും ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ആരോപിച്ചാണ് ഇയാള്‍ ആത്മഹത്യയ്ക്ക് തുനിഞ്ഞത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറെ പണിപ്പെട്ട് ഇയാളെ ശാന്തനാക്കുകയും മണ്ണെണ്ണ നിറച്ച കന്നാസ് പിടിച്ചുവാങ്ങുകയും ചെയ്തു.

കഴിഞ്ഞ ദിവസം പുനലൂര്‍, അഞ്ചല്‍ ഏരിയ കമ്മിറ്റികളുടെ സംയുക്തയോഗം കൂടുന്നതിനിടെ പാര്‍ട്ടിയുടെ പുനലൂര്‍ ഏരിയ കമ്മിറ്റി ഓഫീസിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. നേരത്തെ പാര്‍ട്ടിയുടെയും സി.ഐ.ടി.യു.വിന്റെയും സജീവപ്രവര്‍ത്തകനായിരുന്നു ആത്മഹത്യാശ്രമം നടത്തിയ ജീവനക്കാരന്‍. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി.ഗോവിന്ദന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ മുന്നിലായിരുന്നു ആത്മഹത്യാശ്രമം. നാടകീയ രംഗങ്ങള്‍. ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്താനായിരുന്നു ശ്രമം.

ഇടതു മുന്നണിയുടെ ഭരണത്തിലുള്ള സര്‍വീസ് സഹകരണ ബാങ്കിന്റെ ചെമ്മന്തൂര്‍ ശാഖയില്‍ മാനേജരായിരുന്ന ഇയാളെ ഏഴുമാസം മുമ്പ് സീനിയര്‍ ക്ലര്‍ക്കായി തരംതാഴ്ത്തുകയും സ്ഥലംമാറ്റുകയും ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു. നേതാക്കള്‍ തന്നെ മനഃപൂര്‍വം ദ്രോഹിക്കുകയും ജീവിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നുവെന്നാണ് ഇയാളുടെ ആരോപണം. നേരത്തേ നടപടിയുണ്ടായപ്പോള്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന് ഇയാള്‍ പരാതി നല്‍കിയിരുന്നു.