കേരളത്തിലെ പ്രമുഖ ക്ഷേത്രപരിസരങ്ങളില്‍ അന്യമതസ്ഥരുടെ കച്ചവടം ഒഴിപ്പിക്കാന്‍ കണ്ണൂരില്‍ നടന്ന ബൈഠക്കില്‍ ആര്‍എസ്എസ് പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍

single-img
18 December 2015

750x-1

തിരുവനന്തപുരം: കേരളത്തിലെ പ്രധാന ക്ഷേത്രപരിസരങ്ങളില്‍ നിന്ന് ക്രൈസ്തവ- മുസ്ലീം കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ ആര്‍എസ്എസ് പദ്ധതിയിട്ടതായി റിപ്പോര്‍ട്ടുകള്‍. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ സാന്നിധ്യത്തില്‍ കണ്ണൂരില്‍ നടന്ന ബൈഠക്കിലാണ് ഇതടക്കം വര്‍ഗീയസ്പര്‍ദ സൃഷ്ടിക്കുന്ന ഒട്ടേറെ തീരുമാനങ്ങളെടുത്തതെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗുരുവായൂര്‍, ശബരിമല, കാടാമ്പുഴ പോലുള്ള പ്രധാന ക്ഷേത്രപരിസരങ്ങളില്‍ ക്രൈസ്തവമുസ്ലീം വിഭാഗങ്ങള്‍ നുഴഞ്ഞുകയറുന്നുണ്ടെന്നും എന്ത് വിലകൊടുത്തും ഈ കച്ചവടക്കാരെ ഒഴിപ്പിക്കണമെന്നും നേതൃത്വം തീരുമാനിച്ചു. ഇതിനായി സമിതികള്‍ രൂപീകരിക്കണമെന്നും ബൈഠക്ക് നിര്‍ദേശിച്ചിട്ടുണ്ട്.

ഇതിനുപുറമെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്ന ഹിന്ദു അമ്മമാര്‍ക്ക് രണ്ടുലക്ഷം രൂപ വീതം ‘വീരപ്രസവിനി’ അവാര്‍ഡ് നല്‍കാനും തീരുമാനമായി. ‘അഹിന്ദു’ക്കളുടെ ജനസംഖ്യാവര്‍ധന ഇല്ലാതാക്കാന്‍ ഉത്തരേന്ത്യയില്‍ രൂപീകരിച്ച ഹിന്ദുരക്ഷാജാഗ്രതാ സമിതി പോലെ കേരളത്തിലും പ്രവര്‍ത്തനം ആരംഭിക്കണമെന്നാണ് സംഘ പ്രചാരകരും ജാതിസംഘടനാ പ്രതിനിധികളും എടുത്ത മറ്റൊരു തീരുമാനം. ഗൈനക്കോളജി ഡോക്ടര്‍മാരെയും വിവിധ ആശുപത്രി മാനേജര്‍മാരെയും ‘ബോധവാന്മാരാ’ക്കുന്നതിന് യോഗങ്ങള്‍ വിളിച്ചുചേര്‍ക്കും. ഇതിനായി ജെ നന്ദകുമാറിനെയും ഡോ. നാരായണനെയും ചുമതലപ്പെടുത്തി.

കേരളത്തിലെ എഴുത്തുകാരില്‍നിന്നും സാംസ്‌കാരികനായകരില്‍ നിന്നും ആര്‍എസ്എസ് എതിര്‍പ്പ് നേരിടുന്നുണ്ട്. ഇടതുപക്ഷമാണ് ഇതിനുപിന്നില്‍ എന്ന് വിലയിരുത്തിയ ബൈഠക്ക് ഇതിനെ എങ്ങനെ പ്രതിരോധിക്കണമെന്ന് പരിശോധിക്കാന്‍ പരിവാര്‍ സംഘടനകളോട് ആവശ്യപ്പെട്ടു. ശ്രീകൃഷ്ണജയന്തി, ഗണേശോത്സവം എന്നിവ സംഘം ഉദ്ദേശിച്ച നിലയില്‍ വിജയിക്കുന്നില്ലെന്നും അതിന് കാരണം ഇടതുപക്ഷമുന്നണിയുടെ ഇടപെടലാണെന്നുമാണ് ബൈഠക്കിന്റെ നിഗമനം.

വിദ്യാനികേതന്‍ സ്‌കൂളുകളില്‍ ശക്തമായ ശാഖാ പ്രവര്‍ത്തനം ആരംഭിക്കണം. കാവിയെ ജനകീയവല്‍ക്കരിക്കണം. അതിനായി തെയ്യക്കോലങ്ങളുടെ ചുവപ്പ് മാറ്റി കാവി ഉള്‍ക്കൊള്ളിക്കണം.കണ്ണൂരിലെ സ്വയംസേവകരുടെ കൊഴിഞ്ഞുപോക്കിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് ചെയ്യണം. വനകടലോര മേഖലകളില്‍ പ്രത്യേകമായി ഇടപെടണം. ‘ധനശ്രീ’ എന്ന പേരില്‍ ചെറുകിട സാമ്പത്തികപദ്ധതി നടപ്പാക്കാന്‍ 60 കോടി രൂപ കേരളത്തിനായി നീക്കിവയ്ക്കും. ഐഎഎസ്, ഐപിഎസ് വിഭാഗത്തില്‍ സംഘബോധമുള്ള കേരളത്തിലെ ഉദ്യോഗസ്ഥരുടെ ബൈഠക് ഡിസംബറില്‍ ഡല്‍ഹിയില്‍ വിളിക്കും എന്നിവയാണ് മറ്റ് തീരുമാനങ്ങള്‍.
കേരളത്തെ വര്‍ഗീയവല്‍ക്കരിക്കാനും സംഘര്‍ഷം സൃഷ്ടിക്കാനുമുള്ള ആഹ്വാനമാണ് സംഘപരിവാര്‍ സംഘടനകള്‍ക്ക് ഫലത്തില്‍ ആര്‍എസ്എസ് നല്‍കിയിരിക്കുന്നത്.