ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കുമ്മനത്തിന്റെ പേര് നിര്‍ദേശിച്ചത് വെള്ളാപ്പള്ളി നടേശന്‍

single-img
16 December 2015

vellappally.jpg.image.784.410

ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനും മുകളില്‍ വെള്ളാപ്പള്ളി നടേശന്‍ പിടിമുറുക്കുന്നു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കുമ്മനം രാജശേഖരന്റെ പേര് ആദ്യം നിര്‍ദേശിച്ചത് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബി.ജെ.പിക്ക് ഇവിടെ വേരോട്ടമുണ്ടാക്കാന്‍ തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിച്ചാല്‍ മാത്രമേ കഴിയൂ എന്ന് കേരളത്തിലെത്തിയ പാര്‍ട്ടി ദേശീയ പ്രസിഡന്റ് അമിത് ഷായെ വെള്ളാപ്പള്ളി ബോധ്യപ്പെടുത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനെ തുടര്‍ന്ന് നടന്ന ചര്‍ച്ചകളിലാണ് അദ്ദേഹം ഹിന്ദു ഐക്യവേദി നേതാവായ കുമ്മനം രാജശേഖരന്റെ പേര് നിര്‍ദേശിക്കുകയായിരുന്നുവെന്നും അറിയുന്നു. കുമ്മനത്തിന്റെ നേതൃത്വം ബി.ജെ.പിയോട് അടുക്കാന്‍ സാധ്യതയുള്ള മതന്യൂനപക്ഷ വിഭാഗങ്ങളെ പിന്തിരിപ്പിക്കുമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം നിലപാടെടുത്തുവെങ്കിലും ന്യൂനപക്ഷ വോട്ടുകളില്‍ പുരോഗതി ഉണ്ടാക്കാന്‍ ബി.ജെ.പിക്കു കഴിയില്ലെന്ന് വെള്ളാപ്പള്ളി അമിത് ഷായെ ബോധ്യപ്പെടുത്തിയെന്നാണ് മലയാളത്തിലെ ഒരു പ്രമുഖ വാര്‍ത്താമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

വെള്ളാപ്പള്ളി നടത്തിയ സമത്വ മുന്നേറ്റ യാത്രയിലുടനീളം കമ്മനത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. 27 നിയമസഭാ സീറ്റുകളില്‍ ശക്തമായ സ്വാധീനം ഉറപ്പിക്കാന്‍ തീവ്രഹിന്ദുത്വ നിലപാട് സഹായകമാകുമെന്നും കുമ്മനം വരുന്നതോടെ ഇത് പരമാവധി മുതലെടുക്കാന്‍ കഴിയുമെന്ന് വെള്ളാപ്പള്ളിയും ബി.ജെ.പി. ദേശീയ നേതൃത്വവും കരുതുന്നു. വെള്ളാപ്പള്ളിയുമായുള്ള കൂട്ടുചേരല്‍ ഗുണം ചെയ്തില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ സംസ്ഥാന നേതൃത്വമെങ്കിലും വെള്ളാപ്പള്ളിയുമായുള്ള കൂട്ടുകെട്ടാണ് നേട്ടത്തിനു കാരണമെന്ന വിലയിരുത്തല്‍ തിരുത്താന്‍ ദേശീയ നേതൃത്വം തയാറല്ലെന്നാണ് സൂചന.