ഹാരിസന്റെ തോട്ടങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളിക്കു കൂലിയില്ലെങ്കില്‍ തോട്ടം പിടിച്ചെടുക്കുമെന്നു മമത ബാനര്‍ജിയുടെ മുന്നറിയിപ്പ്

single-img
16 December 2015

Mamtha

ഹാരിസന്റെ കളി മമതാ ബാനര്‍ജിയുടെ അടുക്കല്‍ നടക്കില്ല. തേയിലത്തോട്ടങ്ങളിലൂടെ കോടികള്‍ കൊയ്യുന്ന ഹാരിസണ്‍ ഉടമകളായ ഗോയങ്ക ഗ്രൂപ്പിന് മുന്നറിയിപ്പുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തെത്തി. തൊഴിലാളികള്‍ക്കു മതിയായ കൂലി നല്‍കിയില്ലെങ്കില്‍ ഹാരിസന്റെ സഹോദര സ്ഥാപനമായ ബംഗാളിലെ ഡങ്കണ്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ തേയിലത്തോട്ടങ്ങള്‍ പിടിച്ചെടുക്കുമെന്ന് മമത ബാനര്‍ജി പ്രഖ്യാപിച്ചു.

ബംഗാളില്‍ നിലവില്‍ പ്രതിദിന വേതനം കേവലം 122 രൂപയാണ്. തോട്ടം തൊഴിലാളികള്‍ കൂലിവര്‍ധനയ്ക്കായി മാസങ്ങളായി സമരത്തിലാണ്. 25,000 സ്ഥിരം തൊഴിലാളികളും നൂറുകണക്കിനു താല്‍ക്കാലിക തൊഴിലാളികളും ഡങ്കന്‍ തോട്ടത്തില്‍ ജോലിക്കാരായുണ്ട്. ഏപ്രില്‍ 16 മുതലാണ് 24 യൂണിയനുകള്‍ സംയുക്തമായി സമരം പ്രഖ്യാപിച്ചത്. ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ക്കു കമ്പനി വഴങ്ങാത്തതോടെയാണ് തോട്ടം ഭൂമി ഏറ്റെടുക്കാന്‍ ബംഗാള്‍ റവന്യൂ വകുപ്പ് നീക്കം നടത്തുന്നത്.

കൂലി കൂട്ടിയില്ലെന്നു മാത്രമല്ല, കമ്പനി നല്‍കിയിരുന്ന ഭക്ഷ്യവസ്തുക്കള്‍, ആരോഗ്യ പരിരക്ഷ എന്നിവയ്ക്കും മുടക്കം നേരിട്ടിരുന്നു. തുടര്‍ന്നാണ് യൂണിയനുകള്‍ സമരം തുടങ്ങിയത്. സമരം നീണ്ടതോടെ സെപ്റ്റംബര്‍ ഒന്നു മുതല്‍ പട്ടിണി മരണങ്ങളുണ്ടാകുകയും ഇതുവരെ 14 തൊഴിലാളികള്‍ പട്ടിണിമൂലം മരിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് മമത ഏറ്റെടുക്കല്‍ പ്രഖ്യാപനവുമായി രംഗത്തെത്തിയത്.