ഉപേക്ഷിക്കലിന്റെ വക്കിലെത്തിയ ദേശീയ സ്‌കൂള്‍ കായിക മേള നടത്താന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രംഗത്തിറങ്ങുന്നു

single-img
13 December 2015

Sachin

ഉപേക്ഷിക്കലിന്റെ വക്കിലെത്തിയ ദേശീയ സ്‌കൂള്‍ കായിക മേള നടത്താന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രംഗത്തിറങ്ങുന്നു. ഈ വര്‍ഷം കായികമേള നടക്കില്ലെന്ന് ഉറപ്പായപ്പോഴാണ് സച്ചിന്റെ ഇടപെട്ടത്. കേന്ദ്ര സര്‍ക്കാരിനോട് മേള നടത്തണമെന്ന് ആവശ്യപ്പെടുമെന്നും മീറ്റ് നടത്തുന്നതിനാവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ അഞ്ജു ബോബി ജോര്‍ജിന് സച്ചിന്‍ ഉറപ്പുനല്‍കി.

സ്‌കൂള്‍ കായിക മേള മുടങ്ങാതിരിക്കാന്‍ ഇടപെടണമെന്ന് അഞ്ജുവാണ് സച്ചിനോട് ആവശ്യപ്പെട്ടത്. കേന്ദ്ര കായിക മന്ത്രിയെയും അഞ്ജു വിവരം ധരിപ്പിച്ചു. അഞ്ജുവിന്റെ ആവശ്യപ്രകാരം സച്ചിന്‍ രംഗത്തിറങ്ങുകയായിരുന്നു. ഇത്തവണ മീറ്റ് നടക്കുമെന്നു സച്ചിന്‍ ഉറപ്പുനല്‍കിയതായി അഞ്ജു പറഞ്ഞു. തീയതിയും വേദിയും ഉടന്‍ തീരുമാനിക്കുമെന്നും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മത്സരം ഒരുമിച്ചു നടത്തുമെന്നും അഞ്ജു അറിയിച്ചു.

കായികമേള നടത്തണമെന്ന് ആവശ്യപ്പെട്ട് എം.ബി. രാജേഷ് എംപിയും തിങ്കളാഴ്ച കേന്ദ്ര കായിക മന്ത്രിയെ കാണുന്നുണ്ട്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മത്സരങ്ങള്‍ ഒരുമിച്ചു നടത്താനാവില്ലെന്ന് മഹാരാഷ്ട്ര അറിയിച്ചതോടെയാണു കായികമേള അനിശ്ചിതത്വത്തിലായത്. ഇതോടെ മേള കേരളത്തില്‍ നടത്താമെന്നറിയിച്ചു സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ രംഗത്തു വന്നുവെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മേള നടത്താന്‍ കഴിയില്ലെന്നു സര്‍ക്കാര്‍ നിലപാടെടുക്കുകയായിരുന്നു.