മുംബൈയിലെ മുസ്ലീം ദേവാലയമായ ഹാജി അലി ദര്‍ഗയിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ച നടപടിക്കെതിരെ മുസ്ലീം വനിതകള്‍ ഹൈക്കോടതിയെ സമീപിച്ചു

single-img
11 December 2015

Haji-Ali-darga

ചരിത്ര പ്രസിദ്ധമായ മുംബൈയിലെ ഹാജി അലി ദര്‍ഗയിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ച നടപടിക്കെതിരെ മുസ്ലീം വനിതാ സംഘടന രംഗത്ത്. സ്ത്രീകളെ വിലക്കിയ പള്ളിക്കമ്മിറ്റി നടപടിക്കെതിരെ വനിതാ സംഘടനയായ ഭാരതീയ മുസ്ലീം മഹിള ആന്ദോളന്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. രാജ്യത്ത് ആരാധനാലയങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലിംഗ വിവേചനത്തിനെതിരെയുള്ള പോരാട്ടങ്ങളില്‍ പുതിയതാണ് ഹാജി അലി ദര്‍ഗ്ഗയിലെ സംഭവം.

രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ഇസ്ലാം മതവിശ്വാസികളുടെ തീര്‍ത്ഥാടന കേന്ദ്രമാണ് 15ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട പുരാതന സ്മാരകങ്ങളിലൊന്നായ ഹാജി അലി ദര്‍ഗ 2011 മുതലാണ് സ്ത്രീകള്‍ക്ക് ദര്‍ഗയ്ക്ക് ഉള്ളിലുള്ള വിശുദ്ധ മുറിയിലേക്ക് പ്രവേശനം വിലക്കി നടപടിയുണ്ടായത്. ദര്‍ഗയിലെ മുസ്ലീം പുരോഹിതന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നിടത്ത് സ്ത്രീകള്‍ എത്തുന്നത് മതാചാരപ്രകാരം കടുത്ത പാപമാണെന്നാണ് പള്ളി രക്ഷാധികാരികള്‍ പറയുനന്ത്.

എന്നാല്‍ ദര്‍ഗയിലെ മറ്റു ഭാഗങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ വിലക്കില്ല. ഇതിനെതിരെ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ച നടപടി ഭരണഘടനാ വിരുദ്ധമാണെന്നും രാജ്യത്താകമാനം സ്ത്രീകള്‍ ആരാധനാലയങ്ങളില്‍ നേരിടുന്ന പരിശുദ്ധി സംബന്ധിച്ച ലിംഗവിവേചനത്തിനെതിരെ പോരാടുകയെന്നും വ്യക്തമാക്കിയാണ് വനിതാ സംഘടന മുേന്നാട്ടു വന്നിരിക്കുന്നത്.