വികസനം മുകളിലേക്ക് മാത്രമല്ല, താഴേയ്ക്കും വേണമെന്ന് ജേക്കബ് തോമസ്

single-img
10 December 2015

jacob thomas

മുഖ്യമന്ത്രിക്ക് പരോക്ഷ മറുപടിയുമായി ഡിജിപി ജേക്കബ് തോമസ്. വികസനം മുകളിലേക്ക് മാത്രമല്ല, താഴേയ്ക്കും ആകാമെന്ന് വ്യക്തമാക്കിയാണ് ജേക്കബ് തോമസ് രംഗത്തെത്തിയത്. ഹൈറേഞ്ച് ബില്‍ഡേഴ്‌സായ നിക്ഷിപ്ത താത്പര്യക്കാരാണ് കേരളത്തിന്റെ വികസനം തീരുമാനിക്കുന്നതെന്നും, മുകളിലേക്ക് മാത്രമുള്ള വികസനങ്ങള്‍ ചെന്നൈയിലെ പോലുളള ദുരന്തങ്ങളില്‍ കേരളത്തെ കൊണ്ടെത്തിക്കുമെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.

അഴിമതി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന സെമിനാറില്‍ സംസാരിക്കവേയാണ് അദ്ദേഹം സര്‍ക്കാരിനെതിരെ നിലപാടുമായി രംഗെത്തത്തിയത്. നിലവില്‍ ചീഫ് സെക്രട്ടറിയാകണമെങ്കില്‍ മൂന്നു വിജിലന്‍സ് കേസെങ്കിലും വേണമെന്ന അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ പറയുന്നവര്‍ക്ക് വട്ടാണെന്ന് വരുത്തി തീര്‍ത്ത് മെമ്മോയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

തൃശൂരില്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വനത്തിനുളളില്‍ നടത്തുന്ന നിര്‍മാണങ്ങളുമായി ബന്ധപ്പെട്ട് കള്ളക്കണക്ക് കണ്ടെത്തിയ റേഞ്ചര്‍മാര്‍ക്ക് എതിരെ നടപടിയുണ്ടായതും, ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ സത്യസന്ധത കാട്ടിയ ഇന്റേണല്‍ വിജിലന്‍സ് ഓഫിസര്‍ക്ക് എതിരെ നടപടികള്‍ കൈക്കൊണ്ട കാര്യവും അദ്ദേഹം സെമിനാറില്‍ ഓര്‍മ്മിപ്പിച്ചു. മുല്ലപ്പെരിയാറില്‍ കൈയേറ്റത്തിന് കൂട്ടുനില്‍ക്കാത്ത ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതുമടക്കമുളള കാര്യങ്ങളും അദ്ദേഹം വിശദീകരിച്ചു.

എത്തരത്തിലുളള വികസനം ആണെങ്കിലും പരിസ്ഥിതി സൗഹൃദപരമാകണമെന്നും അഴിമതിക്ക് എതിരായി സംസ്ഥാനത്ത് ഒരു നിയമമുണ്ടോ എന്ന കാര്യം സംശയമാണെന്നും അദ്ദേഹം പറഞ്ഞു. പേടികൊണ്ട് അഴിമതിക്കെതിരെ മിക്കവരും ശബ്ദം ഉയര്‍ത്തില്ലെന്നും, അല്ലെങ്കില്‍ പ്രമോഷന്‍ അടക്കമുളളത് നഷ്ടപ്പെടുമെന്ന പേടിയാണ് ഇവര്‍ക്കെന്നും അദ്ദേഹം സൂചിപ്പിച്ചു. കടുത്ത അഴിമതിക്കാരായവര്‍ അഴിമതിയെ എപ്പോഴും ന്യായീകരിച്ചിട്ടുണ്ടെന്നും, അഴിമതിക്കാരല്ലാത്തവരെ നിശബ്ദരാക്കുകയാണ് എപ്പോഴും ഉണ്ടാകുന്നതെന്നും പറഞ്ഞ മജക്കബ് തോമസ് മാധ്യമങ്ങളാണ് അഴിമതിക്കെതിരെ പോരാടുവാന്‍ നില്‍ക്കേണ്ടതെന്നും സൂചിപ്പിച്ചു.