വീടില്ലാത്തവര്‍ക്ക് ശൈത്യകാലത്ത് അഭയമൊരുക്കി ദില്ലി സര്‍ക്കാര്‍

single-img
8 December 2015

01DMCRAIN4_2263109g

ന്യൂഡല്‍ഹി: അതിശൈത്യകാലമാണ് രാജ്യതലസ്ഥാനത്ത് ഇപ്പോള്‍. എല്ലാ വര്‍ഷവും തണുപ്പു ശക്തമായ ഈ കാലയളവില്‍ പാര്‍പിടങ്ങളില്ലാതെ ഏറെപ്പേര്‍ മരണപ്പെടുന്നത് പതിവാണ്. ഇത് ഒഴിവാക്കാനുള്ള മാര്‍ഗ്ഗവുമായാണ് ദില്ലി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

19,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രാത്രികാല അഭയകേന്ദ്രങ്ങള്‍ സര്‍ക്കാര്‍ സജ്ജമാക്കി. ആകെ 198 കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ഇവിടെ കിടക്കകള്‍, കമ്പിളിപ്പുതപ്പുകള്‍ എന്നിവയെല്ലാം ലഭ്യമാക്കും. തണുപ്പു ശക്തമായ രാത്രികളില്‍ തുറസ്സായ സ്ഥലങ്ങളില്‍ കിടന്ന് ഇത്തവണ ആരും മരിക്കരുതെന്ന ലക്ഷ്യത്തോടെയാണു അഭയകേന്ദ്രങ്ങള്‍ ഒരുക്കിയതെന്ന് ന്യൂഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ കേന്ദ്രങ്ങളുള്ളത് ചാന്ദ്‌നി ചൗക്കിലാണ്- 44. സ്ഥലം തികയാതെ വന്നാല്‍, കൂടുതല്‍ കേന്ദ്രങ്ങള്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കശ്മീരി ഗേറ്റിനു സമീപമുള്ള ഗീതാ ഘട്ടില്‍ സജ്ജമാക്കിയ രണ്ടു കേന്ദ്രങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. രാത്രികാലങ്ങളില്‍ തുറസ്സായ സ്ഥലങ്ങളില്‍ കിടക്കേണ്ടിവരുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ ലക്ഷ്യമിട്ട് ഡല്‍ഹി നഗര അഭയകേന്ദ്ര പുനരുദ്ധാരണ ബോര്‍ഡ് (ഡിയുഎസ്‌ഐബി) രൂപംനല്‍കിയ മൊബൈല്‍ ആപ്‌ളിക്കേഷന്‍ കേജ്!രിവാള്‍ പുറത്തിറക്കി.

8826400500 എന്ന നമ്പരിലേക്കു വിളിച്ച് ആപ് ഡൗണ്‍ലോഡ് ചെയ്യാം. തുറസ്സായ സ്ഥലങ്ങളില്‍ കഴിയുന്നവരുടെ ചിത്രങ്ങള്‍ മൊബൈല്‍ ആപ് വഴി അധികൃതരെ അറിയിക്കാം. ഇവരെ സഹായിക്കാന്‍ 20 സംഘങ്ങളെ നഗരത്തിന്റെ വിവിധയിടങ്ങളില്‍ നിയോഗിക്കുമെന്ന് ബോര്‍ഡ് സിഇഒ വി.കെ. ജയിന്‍ അറിയിച്ചു.
മ്മ