മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയ ഇന്ത്യക്കാരനെ രക്ഷിച്ച സൗദി വൃദ്ധനും മക്കള്‍ക്കും ആദരം

single-img
5 December 2015

Saudi-Arabia-Map.0റിയാദ്,സൗദി അറേബ്യ: റിയാദില്‍ മഴയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമുണ്ടായ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട ഇന്ത്യക്കാരനെ രക്ഷിച്ച സൗദി വൃദ്ധനും മക്കള്‍ക്കും സൗദി അറേബ്യ സിവില്‍ ഡിഫന്‍സിന്റെ ആദരം. വാദി ഹനീഫയില്‍ മഴ വെള്ളപ്പാച്ചിലില്‍ മിനിലോറിയുമായി കുടുങ്ങിയ ഇന്ത്യന്‍ സ്വദേശിയായ ഡ്രൈവറെയാണ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഗശ്യാനെയും മക്കളും രക്ഷിച്ചത്.

ഇവര്‍ ജെ.സി.ബിയും കയറുമുപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഗശ്യാന്റെ പേരക്കുട്ടി അബ്ദുല്ല ഹമീസാണ് വീഡിയോ പോസ്റ്റ് ചെയ്തത്. അറബ് മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കിയതോടെ സംഭവത്തിന് ഏറെ പ്രചാരം ലഭിച്ചു.

മഴവെള്ളപ്പാച്ചിലില്‍ കുടുങ്ങിയ ഇന്ത്യക്കാരന്‍ ലോറിക്ക് മുകളില്‍ കയറി നിന്ന് സഹായം അഭ്യര്‍ഥിച്ചപ്പോള്‍ പരിസരത്തെ താമസക്കാരായ ഗശ്യാനും മക്കളായ ഉസ്മാന്‍, അബ്ദുല്‍ മജീദ്, ഖാലിദ് എന്നിവരും ജെ.സി.ബിയുമായി എത്തി. മക്കള്‍ക്കുവേണ്ട നിര്‍ദേശങ്ങള്‍ നല്‍കി ഗശ്യാന്‍ കരയില്‍ നിന്നു. ജെ.സി.ബിയിലിരുന്ന് മക്കള്‍ ഇന്ത്യക്കാരന് കയര്‍ ടയറില്‍ കെട്ടി എറിഞ്ഞുകൊടുത്തു. ഇതില്‍ തൂങ്ങിയാണ് ഡ്രൈവര്‍ രക്ഷപ്പെട്ടത്. ഈ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. വീഡിയോയും വാര്‍ത്തകളും വൈറലായതിനെ തുടര്‍ന്നാണ് പുറം ലോകം അറിയുന്നതും ഗശ്യാനേയും കുടുംബത്തേയും തേടി അംഗീകാരമത്തെിയതും.

ദറഇയ്യയിലെ സിവില്‍ ഡിഫന്‍സ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ റിയാദ് മേഖല മേധാവി ആയിശ് ത്വല്‍ഹി ഗശ്യാനും മക്കള്‍ക്കും സ്‌നേഹോപഹാരങ്ങള്‍ സമ്മാനിച്ചു. ദറഇയ്യ ഓഫിസ് മേധാവി അബ്ദുല്ല മുഅ്തിഖ് അബൂ മാരിഖയും സംബന്ധിച്ചു.