ബിജു രാധാകൃഷ്ണന്റെ ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുക മാത്രമല്ല, പൊതു പ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി;തെളിവുണ്ടെങ്കില്‍ ബിജു രാധാകൃഷ്ണന്‍ സി.ഡി. ഹാജരാക്കണമെന്നും മുഖ്യമന്ത്രി

single-img
3 December 2015

in_chandy_thmni_1339582fസോളർ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ആരോപണത്തിൽ ഒരു ശതമാനമെങ്കിലും സത്യമെന്ന് തെളിഞ്ഞാൽ പൊതുപ്രവർത്തനം തുടരാൻ അർഹനല്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുക മാത്രമല്ല, പൊതു പ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കാന്‍ തന്നെ തയ്യാറാണ്. എനിക്കെതിരെയുള്ള സി.ഡി. കൈവശമുണ്ടെങ്കില്‍ അത് ഹാജരാക്കാന്‍ ബിജു രാധാകൃഷ്ണന്‍ തയ്യാറാവണം.

ബിജുവിനെ ജയിലിൽ അടച്ചതിൽ ഇതുപോലെ വിലകൊടുക്കേണ്ടിവന്നതിൽ ദുഃഖമില്ല. ബിജുവുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചു ഇപ്പോൾ പറയുന്നില്ല. കൂടിക്കാഴ്ച രഹസ്യസ്വഭാവമുള്ളതാണ്. തന്നെ കണ്ടെന്നു പറയുന്നു ദിവസങ്ങളിൽ ബിജു കേരളത്തിലില്ല. ഇതിനു തെളിവായി മൊബൈൽ ഫോൺ ലൊക്കേഷൻ ഉണ്ട്. ബിജു ബ്ലാക്ക്മെയിൽ ചെയ്യുകയാണ്. സിഡി ഹാജരാക്കിയില്ലെങ്കിൽ നിയമപരമായി നേരിടുന്നതിനും ആലോചിക്കും.

കേരള നിയമസഭയുടെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത സംഭവമാണിതെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ ഇ.പി.ജയരാജന്‍ പറഞ്ഞു. ഇതിന് മുന്‍പ് ഒരു മുഖ്യമന്ത്രിക്കെതിരെ ഇത്തരത്തിലൊരു ആരോപണം ഉയര്‍ന്നിട്ടില്ല. ബിജു രാധാകൃഷ്ണനെ സ്വാധീനിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബിജു രാധാകൃഷ്ണനെ സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാക്കാന്‍ പോലും ജയില്‍ സൂപ്രണ്ട് ഇതുവരെ തയ്യാറായിട്ടില്ല. ഇൗ ഗൂഢാലോചനയുടെ ബുദ്ധികേന്ദ്രം ഏതാണെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണം. ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല-ഇ.പി.ജയരാജന്‍ പറഞ്ഞു.

അതേസമയം, സോളർ കേസിൽ കക്ഷിചേരുമെന്ന് മന്ത്രി ഷിബു ബേബി ജോൺ. സിഡി ഹാജരാക്കാൻ നിയമപോരാട്ടം നടത്തും. ബിജുവിന്റെ ആരോപണങ്ങൾക്കുപിന്നിൽ പ്രതിപക്ഷത്തുനിന്നുള്ള ഒരാളാണ്, ഷിബു കൂട്ടിച്ചേർത്തു.