സീനിയോറിട്ടി മറികടന്ന് നിയമനം നടത്തിയതിനെതിരെ പോലീസ് മേധാവികളുടെ പ്രതിഷേധം

single-img
3 December 2015

kerala-police_01തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് സീനിയോറിട്ടി മറികടന്ന് നിയമനം നടത്തിയതിനെതിരെ സംസ്ഥാന പോലീസ് മേധാവികൾ പ്രധിഷേധവുമായി രംഗത്ത്. ഡി.ജി.പി.മാരുടെ കേഡർ തസ്തികയായ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് എ.ഡി.ജി.പി.യെ നിയമിച്ചതിനെതിരെ മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥരായ ജേക്കബ് തോമസ്, ലോക്‌നാഥ് ബെഹ്‌റ, ഋഷിരാജ് സിങ് എന്നിവരാണ് എതിർപുമായി എത്തിയിരിക്കുന്നത്.

ഐ.പി.എസ്. അസോസിയേഷൻ മുമ്പാകെ ക്രമവിരുദ്ധ നിയമനത്തിനെതിരെ മൂന്നുപേരും പരാതി നൽകിയിട്ടുണ്ട്. പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ യോഗം ചേരണമെന്നും ഇവർ ആവശ്യപ്പെട്ടു. അർഹമായ പരിഗണന നൽകിയില്ലെങ്കിൽ അവധിയിൽ പോകുന്നതിനെക്കുറിച്ചും ഉദ്യോഗസ്ഥർ ആലോചിക്കുന്നുണ്ട്.

വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് വിൻസൺ എം.പോൾ വിരമിച്ച ഒഴിവിൽ, 1986 ബാച്ചിലെ എ.ഡി.ജി.പി. എൻ.ശങ്കർ റെഡ്ഡിയെ നിയമിച്ചതിനെയാണ് 1985 ബാച്ചിൽപ്പെട്ട ഉദ്യോഗസ്ഥർ എതിർക്കുന്നത്. എന്നാൽ, ഇതിനുമുമ്പും എ.ഡി.ജി.പി. തസ്തികയിലുള്ളവരെ വിജിലൻസ് മേധാവിയായി നിയമിച്ചിട്ടുണ്ടെന്നാണ് ആഭ്യന്തരവകുപ്പിന്റെ വിശദീകരണം.

അതേസമയം നടപടിക്കെതിരെ ചീഫ് സെക്രട്ടറി ജിജി തോംസനും അതൃപ്തി രേഖപ്പെടുത്തി. ഉത്തരവ് ചട്ടവിരുദ്ധമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ജയിൽ ഡി.ജി.പി. ലോക്‌നാഥ് ബഹ്‌റയെ ഫയർഫോഴ്‌സിലേക്കും സ്ഥാനക്കയറ്റം ലഭിച്ച ഡി.ജി.പി. ഋഷിരാജ്‌സിങ്ങിനെ ജയിൽ മേധാവിയായും നിയമിച്ച നടപടിയാണ് വിവാദമായത്. സംസ്ഥാനത്ത് ഡി.ജി.പി. പദവിയിലുള്ള നാലുപേരെ നിയമിക്കാനാണ് കേന്ദ്രസർക്കാരിന്റെ അനുവാദമുള്ളത്. ഇതിൽ രണ്ട് കേഡർപോസ്റ്റും രണ്ട് എക്സ്‌കേഡർ പോസ്റ്റുമാണുള്ളത്. കേഡർ പദവികളിലൊന്ന് ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി.യും മറ്റൊന്ന് വിജിലൻസ് ഡയറക്ടറുമാണ്. ജയിൽമേധാവി ലോക്‌നാഥ് ബഹ്‌റയും പോലീസ് ഹൗസിങ് കണ്‍സ്ട്രക്ഷൻ കോർപ്പറേഷൻ എം.ഡി. ഡോ. ജേക്കബ് തോമസുമാണ് എക്‌സ് കേഡർ പോസ്റ്റിലുള്ളത്.

സംസ്ഥാനത്ത് മൂന്ന് ഡി.ജി.പി.മാർ സർവീസിലുള്ളപ്പോൾ വിജിലൻസ് ഡയറക്ടർ കസേര ഒഴിച്ചിട്ട നടപടി ശരിയല്ലെന്നും ആക്ഷേപമുണ്ട്. എ.ഡി.ജി.പി. ഇരുന്ന പോസ്റ്റിലേക്ക് പോകുന്നത് തരംതാഴ്ത്തലാണെന്നും ഡി.ജി.പി. കേഡർ പോസ്റ്റ് ലഭ്യമാക്കണമെന്നും കാട്ടി ബഹ്‌റ, വ്യാഴാഴ്ച ചീഫ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും കത്തുനൽകി. ഋഷിരാജ് സിങ്ങും നിയമനത്തിനെതിരെ കത്ത് നൽകിയിരുന്നു. വ്യാഴാഴ്ച പോലീസ് ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ ഇവർ നൽകിയ കത്ത് ചർച്ചചെയ്‌തേക്കും.