യുഡിഎഫിലും കോണ്ഗ്രസ്സിലും ആത്മാഭിമാനമുള്ളവര്‍ ഉണ്ടെങ്കില്‍ ഈ നിമിഷം ഉമ്മന്‍ചാണ്ടിയെ ഇറക്കി വിടണം; ആ കടമ ജനങ്ങളെ ഏല്‍പ്പിക്കരുതെന്ന്‍ പിണറായി വിജയന്‍

single-img
2 December 2015

TH30_PINARAYI_VIJAY_516498fകൊച്ചി: യുഡിഎഫിലും കോണ്ഗ്രസ്സിലും ആത്മാഭിമാനമുള്ളവര്‍ ഉണ്ടെങ്കില്‍ ഈ നിമിഷം ഉമ്മന്‍ചാണ്ടിയെ ഇറക്കി വിടണമെന്നും ആ കടമ ജനങ്ങളെ ഏല്‍പ്പിക്കരുതെന്ന്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയാണ് എന്ന് പ്രതിപക്ഷം ആദ്യം മുതല്‍ തെളിവുകള്‍ നിരത്തി പറയുന്നതാണെന്ന്  പിണറായി  വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് അഞ്ചരക്കോടി രൂപ കോഴ കൊടുത്തുവെന്ന് ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന് മുന്‍പാകെ നല്‍കിയ മൊഴിയെ തുടര്‍ന്നായിരുന്നു പ്രതികരണം.

അന്വേഷണം അട്ടിമറിച്ചും തെളിവുകള്‍ നശിപ്പിച്ചും പണം ഒഴുക്കി സാക്ഷികളെ സ്വാധീനിച്ചും നഗ്‌നമായ അധികാര ദുര്‍വിനിയോഗത്തിലൂടെയും രക്ഷപ്പെടാന്‍ ശ്രമിച്ച ഉമ്മന്‍ചാണ്ടിയുടെ തനിനിറം കൂട്ടുപ്രതിയുടെ വെളിപ്പെടുത്തലിലൂടെ മറനീക്കി പുറത്തു വന്നിരിക്കുന്നു. മൂന്ന് ഘട്ടമായാണ് പണം കൈമാറിയതെന്നും ടീം സോളാറിന്റെ വളര്‍ച്ചയില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്നും ലാഭം 60: 40 എന്ന നിലയില്‍ വീതിച്ചെടുക്കാനാണ് ധാരണ ഉണ്ടാക്കിയതെന്നുമുള്ള ബിജു രാധാകൃഷ്ണന്റെ മൊഴി സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി എത്രമാത്രം അധപ്പതിച്ചു എന്നാണു ആവര്‍ത്തിച്ചു തെളിയിക്കുന്നത്. തട്ടിപ്പ് മുതലില്‍ പങ്കു പറ്റുന്ന മുഖ്യമന്ത്രി കേരളത്തിന്റെയും കേരളീയന്റെയും അഭിമാനത്തിന് തീരാകളങ്കമാണെന്നും അദ്ദേഹം പറഞ്ഞു.

ആരോപണങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും, പുറത്തുവന്നത് സോളാറില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നുവെന്നതിന്റെ തെളിവാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സോളാറില്‍ മുഖ്യമന്ത്രി ഒത്താശ നടത്തിയെന്നതിന്റെ മൊഴികള്‍ കിട്ടിയ സാഹചര്യത്തില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.