എന്റെ രാജ്യസ്നേഹം സിനിമ തിയറ്ററിനുള്ളിൽ വെച്ച് ദേശീയഗാനം ആലപിച്ച് പ്രകടിപ്പിക്കാനുള്ളതല്ല-ഇംതിയാസ് ജലീൽ

single-img
2 December 2015

Imtiyaz-Jaleelസിനിമ തിയറ്ററിനുള്ളിൽ ദേശീയഗാനം ആലപിച്ച് തന്റെ രാജ്യസ്നേഹം പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന്‍ എഐഎംഐഎം (ഓൾ ഇന്ത്യ മജ്സില് ഇ ഇത്തിഹാദുൽ മുസ്‍ലിമീൻ) എംഎൽഎ ഇംതിയാസ് ജലീൽ.  മുംബൈയിൽ സിനിമാ തിയറ്ററിനുള്ളിൽ ദേശീയഗാനം കേൾപ്പിച്ചപ്പോൾ എഴുന്നേറ്റു നിൽക്കാതിരുന്ന കുടുംബത്തെ ഇറക്കിവിട്ട സംഭവത്തെ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സിനിമാ തിയറ്ററിനുള്ളിൽ ദേശീയഗാനം കേൾപ്പിക്കേണ്ടതില്ലെന്നും വിനോദത്തിനായാണ് ജനങ്ങൾ തിയറ്ററിൽ പോകുന്നതെന്നും  ഇംതിയാസ് ജലീൽ അഭിപ്രായപ്പെട്ടു. സിനിമ തിയറ്ററിനുള്ളിൽ ദേശീയഗാനം ആലപിക്കുന്നതുകൊണ്ട് രാജ്യസ്നേഹം ഉണ്ടാവില്ല. താൻ തന്റെ രാജ്യത്തെ സ്നേഹിക്കുന്നുണ്ട്.

ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ബഹുമാനിക്കുന്നു. പക്ഷേ തന്റെ രാജ്യസ്നേഹം സിനിമ തിയറ്ററിനുള്ളിൽ ദേശീയഗാനം ആലപിച്ച് പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ വിനോദത്തിനായാണ് തിയറ്ററിൽ സിനിമ കാണാൻ പോകുന്നത്. അല്ലാതെ രാജ്യസ്നേഹത്തിനുള്ള സർട്ടിഫിക്കറ്റ് നേടിയെടുക്കാനല്ല. സ്നേഹവും ബഹുമാനവും വരേണ്ടത് ഓരോരുത്തരുടെയും ഉള്ളിൽ നിന്നാണ്. മറിച്ച് സിനിമ തുടങ്ങുന്നതിനു മുൻപ് ദേശീയഗാനം ആലപിച്ചു കൊണ്ടല്ല.

ദേശീയഗാനം ആലപിക്കുന്നത് നിർബന്ധമാക്കേണ്ടത് സ്കൂളുകളിലും കോളജുകളിലുമാണെന്നും അദ്ദേഹം പറഞ്ഞു.എല്ലാ തിയറ്ററുകളിലും സിനിമ പ്രദർശിപ്പിക്കുന്നതിനു മുൻപ് ദേശീയഗാനം കേൾപ്പിക്കുക എന്നത് മഹാരാഷ്ട്രയിൽ നിർബന്ധമാണ്.