രണ്ടരപതിറ്റാണ്ടു നീണ്ട പ്രണയത്തിനൊടുവില്‍ നിലമ്പൂരിന്റെ മൊയ്‌തീനും കാഞ്ചനമാലയ്ക്കും പ്രണയസാഫല്യം

single-img
2 December 2015

nilamboorനിലമ്പൂര്‍: രണ്ടരപതിറ്റാണ്ടു നീണ്ട പ്രണയത്തിനൊടുവില്‍ നിലമ്പൂരിന്റെ മൊയ്‌തീനും കാഞ്ചനമാലയ്ക്കും പ്രണയസാഫല്യം. ക്രിസ്‌തുമതവിശ്വാസിയായ നിലമ്പൂര്‍ മുക്കട്ടയിലെ ബാബുമോന്‍ ജോസഫ്‌ നാല്‍പ്പത്തി അഞ്ചാം വയസിലാണു മുസ്ലിം വിശ്വാസിയായ അയ്യാര്‍പൊയിലിലെ നസീറയെ സ്വന്തമാക്കിയത്‌. മുക്കത്തെ മൊയ്‌തീന്‍-കാഞ്ചനമാല പ്രണയകഥയുമായി സാമ്യമുണ്ട്‌ ഇരുവരുടെയും പ്രണയത്തിന്‌. എന്നാല്‍ അവരുടേതിന് വിഭിന്നമായി  ദുഃഖപര്യവസായിയാകാതെ ദമ്പതികള്‍ ഒന്നിച്ചു.

ആ സന്തോഷനിമിഷത്തിനു  സുഹൃത്തുക്കളും പ്രിയപ്പെട്ടവരും സാക്ഷികളായി.
പരേതനായ പന്തനാഴികുന്നേല്‍ ജോസഫിന്റെയും മേരിയുടെയും മകനായ ബാബുമോന്‍  ഐ.ടി.ഐള പഠനം കഴിഞ്ഞുനില്‍ക്കവെ 21-ാം വയസിലാണ്‌ അയല്‍വാസി നസീറയുമായി പ്രണയം തുടങ്ങിയത്‌. അന്നു പ്രീ ഡിഗ്രിക്കാരിയായിരുന്നു നസീറ. വ്യത്യസ്‌ത മതവിഭാഗക്കാരായതിനല്‍ വീട്ടുകാരുടെയും സമുദായങ്ങളുടെയും എതിര്‍പ്പ്‌ ഭയന്ന്‌ ഇരുവരും പ്രണയം മനസില്‍ സൂക്ഷിക്കുകയായിരുന്നു.

എന്നാല്‍ നസീറയ്‌ക്കു റബര്‍ ബോര്‍ഡില്‍ ജോലി ലഭിച്ചതോടെ വിവാഹാലോചനകളുടെ പ്രവാഹമായി. എന്നാല്‍ വിവിധകാരണങ്ങള്‍ പറഞ്ഞ്‌ ഒഴിഞ്ഞുമാറി. ബാബുമോനും വിവാഹം കഴിക്കാനുള്ള വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയില്ല.
ഒടുവില്‍ രണ്ടു വര്‍ഷം മുമ്പ്‌ ഇരുവരും വീട്ടുകാരെ പ്രണയ വിവരം തുറന്ന് പറഞ്ഞപ്പോള്‍ കടുത്ത എതിര്‍പ്പായിരുന്നു ഫലം. അതോടെ ഇരുവരും ബന്ധുക്കള്‍ക്കു മുമ്പില്‍ അകല്‍ച്ച ഭാവിച്ചു. ഒടുവില്‍ സുഹൃത്തുക്കളുടെ സഹായത്തോടെ കഴിഞ്ഞദിവസം വിവാഹം നടത്താന്‍ പെട്ടെന്നു തീരുമാനമെടുക്കുകയായിരുന്നു. നിലമ്പൂര്‍ ഓഫീസേഴ്‌സ് ക്ലബ്ബില്‍ നടത്തിയ ചടങ്ങിന്‌ അടുത്ത സുഹൃത്തുക്കളെ മാത്രമാണു ക്ഷണിച്ചത്‌. ഇരുവരുടെയും ബന്ധുക്കള്‍ പങ്കെടുത്തില്ല.