ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം;ബിജെപിക്ക് തിരിച്ചടി

single-img
2 December 2015

modi_wharton_bjpapഅഹമദാബാദ്: ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം. വോട്ടെണ്ണല്‍ പുരോഗമിക്കവെ ബിജെപിയ്ക്ക് കനത്ത വെല്ലുവിളി സൃഷ്ടിച്ച്  കോണ്‍ഗ്രസ് പടയോട്ടം. ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നാലെണ്ണത്തില്‍ മാത്രമാണ് ബിജെപിയ്ക്ക് വ്യക്തമായ മുന്‍തൂക്കമുള്ളത്. കഴിഞ്ഞ തവണ ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലും ഭരണം ബിജെപിയ്ക്കായിരുന്നു. സൂറത്തിലും ഭാവ്‌നഗറിലും ഭരണം പിടിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കൂടാതെ രാജ്‌കോട്ട് ജില്ലാ പഞ്ചായത്തിന്റെ ഭരണം ബിജെപിയില്‍ നിന്നും കോണ്‍ഗ്രസ് പിടിച്ചെടുത്തു.

ഗുജറാത്തിലെ ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ അഹമദാബാദ്, ജാംനഗര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് ബിജെപി ശക്തമായ മുന്നേറ്റം നടത്തുന്നത്. സൂറത്ത്, ഭാവ്‌നഗര്‍, വഡോദര, രാജ്‌കോട്ട് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും കടുത്ത മത്സരമാണ് കാഴ്ച്ചവെക്കുന്നത്. കഴിഞ്ഞ തവണ എല്ലായിടത്തും ശക്തമായ മുന്നേറ്റം നടത്തിയ ബിജെപിയ്ക്ക് ഇത്തവണ കനത്ത തിരിച്ചടിയാണ് ഫലം നല്‍കുന്ന സൂചന. ഭാവ്‌നഗര്‍ മേയറും ബിജെപി നേതാവുമായ ബാബു സോളങ്കി തോറ്റു.

അതേസമയം, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേട്ടം കൊയ്തു. രാജ്‌കോട്ട് ജില്ലാ പഞ്ചായത്തിന്റെ ഭരണം ബിജെപിയില്‍ നിന്നും കോണ്‍ഗ്രസ് പിടിച്ചെടുത്തു.  ഗുജറാത്തില്‍ 50 ശതമാനം വനിതാ സംവരണം നിലവില്‍ വന്ന ആദ്യ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പാണിത്.

ഗുജറാത്തിലെ 572 മുനിസിപ്പല്‍ വാര്‍ഡിലേക്ക് കഴിഞ്ഞ മാസം 26നാണ് തെരഞ്ഞെടുപ്പ് നടന്നത്. സംവരണ വിരുദ്ധ പ്രക്ഷോഭവുമായി പട്ടേല്‍ സമുദായം ബിജെപിയ്‌ക്കെതിരെ രംഗത്തുള്ളത് തിരിച്ചടിയാകാന്‍ കാരണം. മോഡിക്ക് ശേഷമുള്ള തെരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധയാര്‍ജ്ജിച്ചിരുന്നു.  തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ അത് ഗുജറാത്ത് മുഖ്യമന്ത്രി ആനന്തിബെന്‍ പട്ടേലിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കനത്ത തിരിച്ചടിയാകും.

2017ല്‍ നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രതിഫലനമായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്നാണ് വിലയിരുത്തല്‍.  ഗുജറാത്തിലെ ആറ് കോടി ജനസംഖ്യയില്‍ 1.5 കോടിയാണ് പട്ടീദാര്‍മാരുള്ളത്.  1980കള്‍ വരെ കോണ്‍ഗ്രസ് വോട്ട്ബാങ്കായിരുന്നു പട്ടേല്‍ സമുദായം. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മാധവ്‌സിങ് സോളങ്കി മുസ്ലിംകളുമായും ആദിവാസി, ഹരിജന വിഭാഗങ്ങളുമായും കൂടുതല്‍ ബന്ധം പുലര്‍ത്തിയതോടെയാണ് പട്ടേല്‍ വിഭാഗം പിന്തുണ ബിജെപിയ്ക്ക് നല്‍കിത്തുടങ്ങിയത്. ഗുജറാത്തിലെ ബിജെപിയുടെ ഭരണത്തുടര്‍ച്ചയ്ക്ക് പിന്നിലും പട്ടീദാര്‍മാരുടെ പിന്തുണയായിരുന്നു.