ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി പിന്‍വലിച്ചു; ഹൈക്കോടതിയുടെ ശക്തമായ താക്കീതിനെ തുടര്‍ന്നായിരുന്നു ഹര്‍ജിക്കാരന്റെ പിന്മാറ്റം

single-img
2 December 2015

Bar kozhaകൊച്ചി: ബാര്‍ കോഴക്കേസില്‍ കെ.എം.മാണിക്ക് വീണ്ടും തിരിച്ചടി. കേസില്‍ തുടരന്വേഷണം നടത്തണമെന്ന് നിര്‍ദേശിച്ച വിജിലന്‍സ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പിന്‍വലിച്ചു.  കോടതിയുടെ വിധിക്ക് എതിരെ ബാറുടമയും തൊടുപുഴ സ്വദേശിയുമായ സണ്ണി മാത്യു നല്‍കിയ ക്രിമിനല്‍ റിവിഷന്‍ ഹര്‍ജിയാണ് സ്വമേധയാ പിന്‍വലിക്കേണ്ടി വന്നത്.

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കമാല്‍പാഷ എന്തടിസ്ഥാനത്തിലാണ് ഇത്തരം ഹര്‍ജി സമര്‍പ്പിച്ചതെന്ന് ചോദിച്ചു. കേസില്‍ തുടരന്വേഷണത്തെ ചോദ്യം ചെയ്യാനുളള നിയമപരമായ അവകാശം ഹര്‍ജിക്കാരനില്ലെന്നും, ഹര്‍ജി പിന്‍വലിച്ചില്ലെങ്കില്‍ കനത്ത പിഴ ഈടാക്കുമെന്നും കോടതി പറഞ്ഞു. ഹര്‍ജിയല്ല, റിവ്യു പെറ്റീഷനാണ് നല്‍കേണ്ടിയിരുന്നതെന്നും, കോടതിയെ വേട്ടയാടുന്ന നിലപാടാണ് ഹര്‍ജിക്കാരന്റെതെന്നും കോടതി നിരീക്ഷിച്ചു.

കഴിഞ്ഞ ദിവസം ഈ ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍ സിബിഐ പോലുളള ഏജന്‍സികള്‍ ഈ കേസ് അന്വേഷിക്കുന്നതായിരിക്കില്ലേ ഉചിതമെന്ന് ചോദിച്ചിരുന്നു. മുന്‍ മന്ത്രി മാണി കുറ്റം ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രിയും,മറ്റ് മന്ത്രിമാരും പറഞ്ഞതായുളള മാധ്യമവാര്‍ത്തകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ സര്‍ക്കാരിന് കീഴിലുളള അന്വേഷണം നീതിപൂര്‍വകമാകുമോ എന്നും ജസ്റ്റിസ് ബി.സുധീന്ദ്രകുമാര്‍ ചോദിച്ചിരുന്നു.
ജസ്റ്റിസ് സുധീന്ദ്രകുമാര്‍ ആവശ്യപ്പെടാതെയാണ് ഇന്ന് കമാല്‍പാഷയുടെ ബെഞ്ചിലേക്ക് ഹര്‍ജി മാറ്റിയിരുന്നത്.