ചെന്നൈയില്‍ വീണ്ടും പെരുമഴ;വിമാനത്താവളം അടച്ചിട്ടു

single-img
2 December 2015

chennaiചെന്നൈ:  ചെന്നൈയില്‍ വീണ്ടും പെരുമഴ. തിങ്കളാഴ്ച രാത്രി തുടങ്ങിയ  മഴയില്‍ ജനജീവിതം താറുമാറായി. റണ്‍വേയില്‍ വെള്ളം കയറിയതിനേത്തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ടു. മൂന്നൂറിലേറെ പേര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം രംഗത്തിറങ്ങി.

റെയില്‍, റോഡ് ഗതാഗതത്തേയും മഴ സാരമായി ബാധിച്ചു. 13 തീവണ്ടികള്‍ റദ്ദാക്കി. ഒറ്റപ്പെട്ടുപോയവരെ സൈന്യം സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. അഡയാര്‍ നദിക്കരയില്‍ താമസിക്കുന്നവരെ ഒഴിപ്പിച്ചു. ഇതുവരെ 3500 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ അഞ്ച് സെന്റിമീറ്റര്‍ മഴയാണ് ചെന്നൈയില്‍ പെയ്തത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടിട്ടുള്ള ന്യൂനമര്‍ദമാണ് കനത്ത മഴയ്ക്ക് കാരണം. അടുത്ത നാല് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
കനത്ത മഴ ജനജീവിതത്തെ സാരമായി ബാധിച്ച സാഹചര്യത്തില്‍ കഴിയാവുന്ന എല്ലാ സഹായവും ഉറപ്പു തരുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി ജയലളിതയെ അറിയിച്ചു.