കേരളഹൗസില്‍ ഡല്‍ഹി പോലീസ് റെയ്ഡ് നടത്തിയിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘം

single-img
1 December 2015

Kerala-house_PTIന്യൂഡല്‍ഹി: കേരളഹൗസില്‍ ഡല്‍ഹി പോലീസ് റെയ്ഡ് നടത്തിയിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. പശുവിറച്ചി വിളമ്പിയെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേരളഹൗസിലെ നടപടി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

ഡല്‍ഹി പോലീസ് കേരള ഹൗസില്‍ റെയ്ഡ് നടത്തിയിട്ടില്ല. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിവരം ശേഖരിക്കാന്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍ അവിടെയെത്തിയത്. ക്രമസമാധാനപ്രശ്‌നം ഉണ്ടാകരുതെന്ന് കരുതി മുന്‍കരുതല്‍ നടപടി എന്ന നിലയിലാണ് പോലീസ് അവിടെയെത്തിയത്.

ഇതില്‍ നിയമലംഘനമൊന്നും ഉണ്ടായിട്ടില്ല. പോലീസിന് ഗൂഢലക്ഷ്യങ്ങളും ഉണ്ടായിരുന്നില്ല.കെ.വി.തോമസ്, കെ.സി.വേണുഗോപാല്‍, പി.കെ.ബിജു എന്നിവരുടെ ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്ങാണ് ലോക്‌സഭയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് വായിച്ചത്.