പി.കെ.രാഗേഷ് യുഡിഎഫില്‍ തിരിച്ചെത്തി;കണ്ണൂര്‍ കോര്‍പ്പറേഷനില്‍ കണ്ണുനട്ട് യുഡിഎഫ്

single-img
1 December 2015

PK Rageshകണ്ണൂര്‍: കോണ്‍ഗ്രസ് വിമതന്‍ പി.കെ.രാഗേഷ് യുഡിഎഫില്‍ തിരിച്ചെത്തി. ഇതോടെ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ കാര്യങ്ങള്‍ കലങ്ങി മറിയും. ഇന്നലെ അര്‍ദ്ധരാത്രി വരെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പി.കെ. രാഗേഷുമായുളള എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചെന്നും, തങ്ങള്‍ ഒറ്റക്കെട്ടായി നീങ്ങുമെന്നും കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ വ്യക്തമാക്കിയത്.   തദ്ദേശ തെരഞ്ഞെടുപ്പില്‍ വിമതനായി നിന്ന്  വിജയിച്ച് മേയര്‍ പദവിയിലും അവസാനനിമിഷം വരെ പി.കെ.രാഗേഷ് വിലപേശലുകള്‍ നടത്തിയിരുന്നു.

തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങളിലൊക്കെ അനുകൂല നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചിരിക്കുന്നതെന്നും അതിനാല്‍ ഇനി ഭിന്നതകളില്ലാതെ കോണ്‍ഗ്രസുമായി സഹകരിക്കുമെന്നും പി.കെ.രാഗേഷും പറഞ്ഞു. കണ്ണൂര്‍ ടൗണ്‍ എസ്‌ഐ സനല്‍കുമാറിനെ വടകരയിലേക്ക് സ്ഥലംമാറ്റിയും, സഹകരണ വകുപ്പ് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ കെ.സുരേന്ദ്രനെ വയനാട് ജില്ലാ സഹകരണബാങ്ക് കണ്‍കറന്റ് ഓഡിറ്ററായി സ്ഥലം മാറ്റിയുമാണ് പി.കെ. രാഗേഷിനെ സ്ഥിരം സമിതി തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിലേക്ക് മടക്കി കൊണ്ടുവന്നത്.

പി.കെ.രാഗേഷിന്റെ പിന്തുണ ഉറപ്പായതോട് കൂടീ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് മേധാവിത്വം നേടുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. ഇന്ന് നടക്കുന്ന സ്റ്റാന്‍ഡിങ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ രാഗേഷിന്റെ പിന്തുണ കൂടി കിട്ടുന്നതോടെ ആറ് അധ്യക്ഷസ്ഥാനം യുഡിഎഫിന് ഉറപ്പാക്കാനാകും.

എട്ട് സ്ഥിരം സമിതികള്‍ ഉളളതില്‍ ധനകാര്യത്തിന്റെ അധ്യക്ഷന്‍ ഡെപ്യൂട്ടി മേയറാകും. ഒന്ന് ഇടതുമുന്നണിക്കും കിട്ടും. അതേസമയം രാഗേഷ് ഇന്നും തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുവാന്‍ തീരുമാനിച്ചാല്‍ ഇരുമുന്നണികള്‍ക്കും നാലുവീതം സ്റ്റാന്‍ഡിങ് കൗണ്‍സില്‍ അധ്യക്ഷസ്ഥാനം ലഭിക്കും. പി.കെ. രാഗേഷ് യുഡിഎഫിലേക്ക് മടങ്ങി എത്തിയതോടെ നിലവിലെ മേയര്‍ക്കെതിരെ ആറുമാസങ്ങള്‍ക്കുള്ളില്‍ അവിശ്വാസപ്രമേയം കൊണ്ടുവരാനും സാധ്യതയുണ്ട്.