സോളാര്‍ കേസ്;ബിജു രാധാകൃഷ്ണന്‍ മന്ത്രിമാര്‍ക്കെതിരെ മൊഴി നല്‍കി

single-img
1 December 2015

biju radhakrishnan കൊച്ചി: സോളാര്‍ കേസില്‍ പ്രതി ബിജു രാധാകൃഷ്ണന്‍ മന്ത്രിമാര്‍ക്കെതിരെ മൊഴി നല്‍കി. ടീം സോളാര്‍ കമ്പനി നടത്താന്‍ വേണ്ടി മുന്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ മന്ത്രിമാരായ കെ.ബി ഗണേഷ് കുമാര്‍, ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ക്ക് ലക്ഷങ്ങള്‍ കൈമാറിയിട്ടുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷനില്‍ മുമ്പാകെ മൊഴി നല്‍കി.
വേണുഗോപാലിന് രണ്ട് തവണയായി 35 ലക്ഷം രൂപ നല്‍കി.

ആദ്യം 25 ലക്ഷം രൂപയും പിന്നീട് 10 ലക്ഷം രൂപയും വേണുഗോപാലിന്റെ ആലപ്പുഴയിലെ വീട്ടിലെത്തിയാണ് നല്‍കിയത്. വേണുഗോപാലിനെ സമീപിച്ചത് അദ്ദേഹത്തിന്റെ ഡ്രൈവറായിരുന്ന തന്റെ ബന്ധു ആലപ്പുഴ പഴവീട് സ്വദേശി നാഗരാജന്‍ വഴിയാണെന്നും ബിജു പറഞ്ഞു.

കെ.ബി. ഗണേഷ് കുമാറിന് 40 ലക്ഷം രൂപയാണ് നല്‍കിയത്. സോളാറിന്റെ തൃപ്പൂണിത്തുറ ഷോറൂം ഉദ്ഘാടനം ചെയ്തത് ഗണേഷ് കുമാറാണ്. മന്ത്രി കെ.പി. മോഹനനാണ് അദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിച്ചത്. ഗണേഷ് കുമാറാണ് പിരപ്പന്‍കോട് സര്‍ക്കാര്‍ വക അക്വാട്ടിക് സ്റ്റേഡിയത്തിലും തേക്കടിയിലെ വന്യജീവി സങ്കേതത്തിലും തിരുവനന്തപുരത്ത് സായിയുടെ അക്വാട്ടിക് സ്വിമ്മിങ് പൂളിലും സോളര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് വിശദമായ രൂപരേഖ തയ്യാറാക്കിത്തരാന്‍ ആവശ്യപ്പെട്ടത്.

റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ അംഗീകരിക്കാമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഈ പദ്ധതികളുടെ തുകയില്‍ നിന്ന് പത്ത് ശതമാനം പാര്‍ട്ടി ഫണ്ടിലേക്ക് നല്‍കാനാവശ്യപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ സഹായികളായ പ്രദീപും ശരണ്യ മനോജും വന്ന് കമ്പനിയുടെ ഓഫീസിലെത്തി 40 ലക്ഷം രൂപ വാങ്ങിക്കൊണ്ടുപോയെന്നും ബിജു പറഞ്ഞു.

ടീം സോളാറിന്റെ നടത്തിപ്പിനും ഷോറൂമുകളുടെ ഉദ്ഘാടന പരിപാടികളുടെ നടത്തിപ്പിനും ഒരുക്കങ്ങള്‍ ചെയ്തു തന്നിരുന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ്. നാട്ടുകാരനായ ജോപ്പനാണ് ഇക്കാര്യങ്ങളില്‍ ഇടപെട്ടിരുന്നത്. ഉമ്മന്‍ചാണ്ടിയെ 2011 മുതല്‍ നേരിട്ടറിയാം. പുതുപ്പള്ളിയിലെ വീട്ടിലും സെക്രട്ടേറിയറ്റിലും ഔദ്യോഗിക വസതിയിലും വച്ച് ഉമ്മന്‍ചാണ്ടിയെ കണ്ടിട്ടുണ്ടെന്നും ബിജു പറഞ്ഞു.

മന്ത്രി ആര്യാടനുമായി ബന്ധപ്പെട്ടത് കെ.എസ്.ഇ.ബി.യും സോളാര്‍ പാനല്‍ പദ്ധതിയുമായി ബന്ധപ്പെട്ടാണ്. അനെര്‍ട്ടിന്റെ പട്ടികയില്‍ തങ്ങളെ ഉള്‍പ്പെടുത്താന്‍ സഹായിക്കാമെന്ന് ഇദ്ദേഹം പറഞ്ഞതനുസരിച്ചാണ് ആര്യാടനെ കണ്ടത്. ജോപ്പന്‍ പറഞ്ഞതനുസരിച്ച് ആര്യാടന്റെ പി.എ. കേശവനുമായാണ് ആദ്യം സംസാരിച്ചത്.  കോട്ടയം സുമംഗലി ഓഡിറ്റോയിത്തില്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് ഉദ്യോഗസ്ഥരുടെ യോഗം ഉദ്ഘാടനം ചെയ്യാനെത്തുമ്പോള്‍ മന്ത്രിക്കൊപ്പമുണ്ടാകുന്ന മൂന്നുപേരുടെ കൈവശം 15 ലക്ഷം രൂപ നല്‍കണമെന്നു കേശവന്‍ ഇതനുസരിച്ച് പണം നല്‍കിയെന്നും ബിജു മൊഴി നല്‍കി.