ഇന്ന് ലോക എയിഡ്സ് ദിനം; സംസ്ഥാനത്ത് 27,604 രോഗബാധിതർ, ഏറ്റവും കൂടുതൽ തിരുവനന്തപുരത്ത്

single-img
1 December 2015

hiv-aids-latent-reservoir-treatment-cure_1തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ 27,604 പേർ എച്ച്.ഐ.വി. ബാധിതരായുട്ടുള്ളവരെന്ന് ദേശീയ എയിഡ്സ് നിയന്ത്രണ ഓർഗനൈസേഷന്റെ കണക്കുകൾ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എച്ച്.ഐ.വി.ബാധിതർ തിരുവനന്തപുരം ജില്ലയിലാണ്-5357 പേർ. ഏറ്റവും കുറവ് വയനാട് ജില്ലയിലും -247 പേർ.

എച്ച്.ഐ.വി. ബാധിതരിൽ കൂടുതലും സ്ത്രീകളാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിലുള്ള എ.ആർ.ടി ചികിത്സാകേന്ദ്രമായ ഉഷസ്സിൽ 10206 പേർ ചികിത്സ തേടിയിട്ടുണ്ട്. 2014ൽ എച്ച്.ഐ.വി. ബാധിതരിൽ 4256 പേർ മരിച്ചു.

ജില്ലകൾ തിരിച്ച് സംസ്ഥാനത്തെ എയിഡ്സ് ബാധിതരുടെ കണക്ക്

ജില്ല എച്ച്..വി. ബാധിതർ
തിരുവനന്തപുരം 5357
കൊല്ലം 1019
പത്തനംതിട്ട 638
ആലപ്പുഴ 1208
കോട്ടയം 2348
ഇടുക്കി 405
എറണാകുളം 1803
തൃശ്ശൂർ 4602
പാലക്കാട് 2385
മലപ്പുറം 546
കോഴിക്കോട് 4180
വയനാട് 247
കണ്ണൂർ 1557
കാസര്‍കോട് 1309

2005-മുതൽ 2007 വരെ എച്ച്.ഐ.വി. ബാധിതരുടെ എണ്ണം ക്രമതീതമായി കൂടി. എന്നാൽ അതിനു ശേഷമുള്ള റിപ്പോർട്ടുകളിൽ ഓരോ വർഷവും എച്ച്.ഐ.വി. ബാധിതർ കുറഞ്ഞുവന്നു. 2005-ൽ സംസ്ഥാനത്ത് 2627 പേരാണ് ഉണ്ടായിരുന്നത്. തൊട്ടടുത്ത വർഷത്തിലത് 3348 ആയി. 2007-ൽ 3972 ആയി. എന്നാൽ എയിഡ്‌സിനെതിരെയുള്ള ബോധവത്കരണം ശക്തമാക്കിയ 2008-ൽ എച്ച്.ഐ.വി.ബാധിതരുടെ എണ്ണം 2748 ആയി. അതിനുശേഷം വർഷംതോറും 200 മുതൽ 300 പേരുടെ കുറവുണ്ടായി.

കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് സംസ്ഥാനത്ത് 1750 എച്ച്.ഐ.വി. ബാധിതരുണ്ട്. ഈ വർഷം ഒക്ടോബർ വരെയുള്ള കണക്കനുസരിച്ച് ഇത് 1076 ആണ്. 2005-ൽ 1476 പുരുഷൻമാർക്കും 1151 സ്ത്രീകൾക്കുമാണ് എച്ച്.ഐ.വി. കണ്ടെത്തിയത്. കഴിഞ്ഞവർഷം അത് 1066 ,684 എന്നീ ക്രമത്തിലായി. ഈ വർഷം പത്തുമാസത്തെ കണക്കിൽ പുരുഷന്‍മാരുടെ എണ്ണം 689 ഉം സ്ത്രീകളുടെ എണ്ണം 387 ഉം ആണ്.

2005-ൽ 30,596 പേർ എച്ച്.ഐ.വി. പരിശോധനയ്ക്ക് വിധേയരായിരുന്നു. കഴിഞ്ഞ വർഷം 5,12,001 പേർ പരിശോധനയ്ക്കായെത്തി. ഇതിൽ 3,11,180 പേരും സ്ത്രീകളാണ്. ഈ വർഷം ഒക്ടോബർ വരെ പരിശോധന നടത്തിയ പുരുഷൻമാരുടെ എണ്ണം 1,51,460 ഉം സ്ത്രീകളുടെ എണ്ണം 1,75,676 ഉം ആണ്.

ലോകത്ത് 3.69 കോടിയാണ് എച്ച്.ഐ.വി. ബാധിതർ. ഇന്ത്യയിൽ 20.88 ലക്ഷം പേർക്ക് എച്ച്.ഐ.വി. അണുബാധയുണ്ട്. “പുതിയ എച്ച്.ഐ.വി. അണുബാധയില്ലാത്ത, വിവേചനമില്ലാത്ത, എയിഡ്‌സ് മരണങ്ങളില്ലാത്ത നല്ല നാളേക്കായ്” എന്നതാണ് ഇത്തവണത്തെ എയിഡ്‌സ്ദിന സന്ദേശം. ആദ്യകാലങ്ങളിലെ പോലെ എച്ച്.ഐ.വി. ബാധിതരായവർ മരിക്കുന്ന അവസ്ഥ ഇല്ലെന്നും ആന്റി റിട്രോവൈറൽ ട്രീറ്റ്‌മെന്റ് ഉള്‍പ്പടെയുള്ള നൂതന ചികിത്സാരീതികൾ ഇപ്പോൾ സാധ്യമാണെന്നും എയിഡ്‌സ് നിയന്ത്രണ സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു.