ആലപ്പുഴ തീരത്ത് ഇറാന്‍ ബോട്ട് പിടികൂടിയ സംഭവം; ആഴക്കടല്‍ തിരച്ചിലിനായി എന്‍.ഐ.എ സംഘം യാത്ര തിരിച്ചു

single-img
1 December 2015

iran-boatകൊച്ചി: ആലപ്പുഴ തീരത്ത് ഇറാന്‍ ബോട്ട് പിടികൂടിയ സംഭവത്തില്‍ ആഴക്കടലില്‍ വിദഗ്ദ്ധ പരിശോധന നടത്താനായി എന്‍.ഐ.എ. സംഘം യാത്ര തിരിച്ചു. ബോട്ടില്‍ സ്‌ഫോടക വസ്‌തുക്കള്‍ ഉണ്ടായിരുന്നതായി സംശയം.  സമുദ്ര രത്‌നാക്കര്‍ എന്ന ഗവേഷക കപ്പലിന്റെ സഹായത്തോടെയാണ് പരിശോധന. കരയില്‍ നിന്ന് 60 നോട്ടിക്കല്‍ മൈല്‍ അകലെയാണ് പരിശോധന നടത്തുന്നത്.

ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെയും മുംബൈ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയിലെയും ശാസ്ത്രജ്ഞര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കും. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പത്തംഗ ശാസ്ത്രജ്ഞരുടെ സംഘം രണ്ട് ദിവസം മുന്‍പ് തന്നെ കൊച്ചിയില്‍ എത്തിയിരുന്നു.

ബോട്ടിലുണ്ടായിരുന്നവര്‍ ഉപേക്ഷിച്ച വല കണ്ടെത്തി പരിശോധന നടത്തുകയാണ് സംഘത്തിന്റെ ഉദ്ദേശം. ബോട്ട് കസ്റ്റഡിയിലെടുക്കുമ്പോള്‍ വലയുടെ ഒരു ഭാഗം മുറിച്ചുകളഞ്ഞതായി കണ്ടെത്തിയിരുന്നു. ബോട്ടിലുണ്ടായിരുന്ന വസ്തുക്കള്‍ കടലില്‍ ഉപേക്ഷിക്കാനാണ് വല മുറിച്ചതെന്നാണ് എന്‍.ഐ.എ.യുടെ നിഗമനം. മയക്കുമരുന്നോ ആയുധങ്ങളോ ആവാം കടലില്‍ ഉപേക്ഷിച്ചതെന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ കരുതുന്നത്.

ഇക്കഴിഞ്ഞ ആഗസ്തിലാണ് ആലപ്പുഴയ്ക്കടുത്ത് നിന്ന് പന്ത്രണ്ട് ജീവനക്കാരുമായി ബറൂക്കി എന്ന ഇറാനിയന്‍ ബോട്ട് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന ഉപഗ്രഹഫോണും ഏതാനും സിം കാര്‍ഡുകളും പാകിസ്താന്‍ കറന്‍സികളും പിടിച്ചെടുത്തിരുന്നു.

ഈ ഉപഗ്രഹ ഫോണ്‍ ഉപയോഗിച്ച് ഇവര്‍ ഇറാന്‍, പാകിസ്താന്‍, തായ്‌ലന്‍ഡ് എന്നിവിടങ്ങളുമായി ബന്ധപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. പിടിയിലായവരെ റോ, ഐ.ബി. എന്നിവയിലെ ഉദ്യോഗസ്ഥര്‍ നേരത്തെ ചോദ്യം ചെയ്തതാണ്.