ഗർഭിണിയായ യാത്രികയ്ക്ക് ഫ്ലൈറ്റിൽ പ്രസവം; പ്രസവം എടുത്തത് മുൻ ഫ്രഞ്ച് വിദേശകാര്യ മന്ത്രി

single-img
26 November 2015

frenchപാരിസ്: ഏഴ് മാസം ഗർഭിണിയായ യുവതി ഫ്ലൈറ്റിൽ പ്രസവിച്ചു. മുൻ ഫ്രഞ്ച് വിദേശകാര്യ മന്ത്രിയും ഹൃദ്രോഗ വിദഗ്ദ്ധനുമായ ഫിലിപ്പ് ഡോഷെ ബ്ലേസിയാണ് പ്രസവം എടുത്തത്. ഗബോണിൽ നിന്നും പാരിസിലേക്ക് വന്ന എയർ ഫ്രാൻസ് വിമാനത്തിലാണ് സംഭവം.

വിമാനം പറന്ന് തുടങ്ങിയപ്പോൾ തന്നെ യുവതിയ്ക്ക് വേദന അനുഭവപ്പെട്ടിരുന്നു. തുടർന്ന് സ്ഥിതി വഷളാവുകയും ഫ്ലൈറ്റിനുള്ളിൽ ഡോക്ടർ ഉണ്ടെങ്കിൽ യുവതിയുടെ അടുത്ത് എത്തണമെന്ന് എയർ ഹോസ്റ്റസ് അനൗൺസും ചെയ്തു. അനൗൺസ്മെന്റ് കേട്ടിട്ടാണ് ബ്ലേസി എത്തിയത്. ഒരു സ്ത്രീയുടെ സഹായത്തോടെ ഫ്ലൈറ്റിന്റെ ഫ്ലോറിൽ ഷീറ്റ് വിരിച്ചായിരുന്നു യുവതിയുടെ ഡെലിവറി ബ്ലേസി നടത്തിയത്.

വിമാനം പാരിസിൽ ലാൻഡ് ചെയ്യുന്നതിന് രണ്ട് മണിക്കൂർ മുൻപ് അൽജീരിയയുടെ ആകാശത്ത് വെച്ചായിരുന്നു പ്രസവം. പ്രസവത്തിന് ശേഷം അമ്മയും കുഞ്ഞും ആരോഗ്യത്തോടെയാണെന്ന് ഫിലിപ്പ് ഡോഷെ ബ്ലേസി അറിയിച്ചു. വിമാനം പാരിസിൽ എത്തിയ ശേഷം അമ്മയേയും നവജാത ശിശുവിനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

2005 മുതൽ 2007 വരെ ഫ്രാൻസിന്റെ വിദേശകാര്യ മന്ത്രിയായിരുന്നു ഫിലിപ്പ് ഡോഷെ ബ്ലേസി. ഇപ്പോൾ ഐക്യരാഷ്ട്ര സഭയുടെ ഉദ്യോഗസ്ഥനാണ്. രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുൻപ് ബ്ലേസി കാർഡിയോളജിസ്റ്റ് ആയിരുന്നു.