അസഹിഷ്ണുത എന്നൊരു വാക്ക് പറഞ്ഞിട്ടില്ല, തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു: ഷാറൂഖ് ഖാൻ

single-img
25 November 2015

Shahrukh-Khan8മുംബൈ: രാജ്യത്ത് അസഹിഷ്ണുത വർദ്ധിച്ചുവരികയാണെന്ന ബോളീവുഡ് താരം ഷാരൂഖ് ഖാന്റെ പ്രസ്താവന വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരുന്നത്. രാജ്യത്തിനകത്തും പുറത്തും ഷാറൂഖിന്റെ വാക്കുകൾക്കെതിരെ പ്രതിഷേധങ്ങൾ ആളിക്കത്തിയിരുന്നു. ഷാരൂഖ് ഖാൻ പാകിസ്ഥാൻ ഏജന്റാണെന്ന് വരെ ആരോപണം ഉയർന്നു. എന്നാൽ അസഹിഷ്ണുത എന്നൊരു വാക്ക് താൻ പറഞ്ഞിട്ടില്ലെന്നാണ് ഷാരൂഖ് ഇപ്പോൾ പറയുന്നത്. തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു എന്നും താരം പറയുന്നു.

മാധ്യമങ്ങൾ ഇതു സംബന്ധിച്ച് ചോദ്യങ്ങൾ ചോദിച്ചിരുന്നു. മാധ്യമങ്ങളുടെ ചോദ്യം ആവർത്തിച്ചപ്പോൾ രാജ്യത്തെ മതേതര രാഷ്ട്രമാക്കി മാറ്റാൻ യുവാക്കൾ മുൻകൈ എടുക്കണമെന്നു പറയുകയായിരുന്നു. എന്നാൽ തന്റെ അഭിപ്രായത്തെ വളച്ചൊടിക്കുകയാണുണ്ടായതെന്നും തന്റെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതാണെന്നും ഷാരൂഖ് പറയുന്നു.

മോദി സർക്കാരിന്റെ കീഴില്‍ രാജ്യത്ത് അസഹിഷ്ണുത പടരുകയാണെന്ന് ഷാരൂഖ് പറഞ്ഞെന്ന വാർത്തയാണ് പുറത്തുവന്നിരുന്നത്. ഇതിൽ പ്രതിഷേധിച്ച് പുരസ്‌കാരങ്ങൾ തിരികെ കൊടുക്കുന്നതിൽ യോജിപ്പാണെന്നുമുള്ള ആരോപണങ്ങളാണ് പുറത്തുവന്നത്. പ്രസ്താവന വന്നതിനുപിന്നാലെ ഷാരൂഖിനെ എല്ലാവരും കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. ഷാരൂഖ് പാകിസ്താൻ ഏജന്റാണെന്ന് വരെ നേതാക്കൾ വിമർശിച്ചു. ഷാരൂഖ് ഖാൻ ദേശദ്രോഹിയാണെന്ന് ബിജെപി എംപി യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടിരുന്നു. ശത്രുക്കളെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവനയാണ് ഷാരൂഖിന്റേതെന്ന് മുസ്ലീം സംഘടനയും പറഞ്ഞിരുന്നു. ഷാരൂഖ് അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും സംഘടന ആരോപിച്ചിരുന്നു.

അതേസമയം രാജ്യത്തെ മിക്കവരും ഷാരൂഖിനെതിരെ ശബ്ദമുയർത്തിയപ്പോൾ തീവ്രവാദി നേതാവ് ഹാഫിസ് സയിദ് ഷാരൂഖിനെ പാകിസ്താനിലേക്ക് ക്ഷണിച്ചിരുന്നു. ആരോപണങ്ങൾ നേരിടുന്നവർക്ക് പാകിസ്താനിലേക്ക് വരാമെന്നാണ് ഹാഫിസ് പറഞ്ഞത്. ഇതും അതിലും വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്.