സൗരാഷ്ട്രയ്ക്കെതിരെയുള്ള രഞ്ജി ട്രോഫി മത്സരത്തില്‍ രണ്ടാം ഇന്നിങ്സില്‍ 105 റണ്‍സിന് പറത്തായ കേരളം അതേനാണയത്തില്‍ തിരിച്ചടിച്ച് എതിരാളികളെ 69 റണ്‍സിന് പുറത്താക്കി ജയം പിടിച്ചെടുത്തു
രഞ്ജിട്രോഫിയില്‍ കേരളത്തിന് സ്വപ്നതുല്യമായ വിജയം. പെരിന്തല്‍മണ്ണയിലെ പിച്ചില്‍ ഗ്രൂപ്പ് സിയിലെ ഒന്നാമന്മാരെന്ന പകിട്ടോടെയെത്തിയ സൗരാഷ്ട്രയെ രണ്ടാം ഇന്നിങ്സില്‍ 69 റണ്‍സിന് പുറത്താക്കിയാണ് കേരളം 45 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം നേടിയത്. രണ്ടാം ഇന്നിങ്സില്‍ വിജയത്തിലേക്ക് 115 റണ്‍സ് മാത്രം മതിയായിരുന്ന സൗരാഷ്ട്രയെ അഞ്ചു വിക്കറ്റ് പ്രകടനത്തോടെ കെ. മോനിഷും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി സന്ദീപ് വാര്യരും അക്ഷയ് ചന്ദ്രനും തകര്‍ത്തെറിയുകയായിരുന്നു.
ഈ കളിയില്‍ 11 വിക്കറ്റും സീസണില്‍ 42 വിക്കറ്റും വീഴ്ത്തിയ കെ. മോനിഷാണ് കളിയിലെ കേമന്‍. 29 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന സൗരാഷ്ട്രയുടെ സീസണിലെ ആദ്യ തോല്‍വിയാണിത്. സ്കോര്‍: കേരളം: 166, 105. സൗരാഷ്ട്ര: 157, 69. വിജയത്തിലൂടെ നേടിയ 6 പോയിന്റ് ഉള്‍പ്പെടെ കേരളത്തിനിപ്പോള്‍ ഏഴു മല്‍സരങ്ങളില്‍ നിന്നും 25 പോയിന്റുണ്ട്. സൗരാഷ്ട്ര (29) ഒന്നാം സ്ഥാനത്ത് തുടരുന്ന ഗ്രൂപ്പില്‍ കേരളം രണ്ടാം സ്ഥാനത്തെത്തി. ജാര്‍ഖണ്ഡാണ് (24) മൂന്നാം സ്ഥാനത്ത്.