വിദ്യാർഥികൾക്കു നേരെ പൊലീസ് ലാത്തിച്ചാർജ്; ഹെഡ്മാസ്റ്ററെ സസ്പെന്‍റ് ചെയ്തു

single-img
25 November 2015

policecapതിരുവനന്തപുരം: ഹെഡ്മാസ്റ്റർക്കു മുന്നിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കു നേരെ പൊലീസ്  ലാത്തിച്ചാർജ്. 25 പേർക്കു പരുക്കേറ്റു. ബാലരാമപുരം ഗവ. ഹയർ സെക്കൻ‍ഡറി സ്കൂളിൽ നൃത്തപരിപാടി നടത്താൻ അനുമതി ആവശ്യപ്പെട്ടാണ് ഹെഡ്മാസ്റ്റർക്കു മുന്നിൽ വിദ്യാർഥികൾ പ്രതിഷേധിച്ചത്.  സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികളെ ലാത്തിച്ചാർജിന് ഇരയാക്കിയതു ഹെഡ്മാസ്റ്ററാണെന്ന് ആരോപിച്ചു വിദ്യാർഥികളും രക്ഷിതാക്കളും ജനപ്രതിനിധികളും ഹെഡ്മാസ്റ്ററെയും പ്രിൻസിപ്പലിനെയും അധ്യാപകരെയും അഞ്ചു മണിക്കൂറോളം തടഞ്ഞുവച്ചു. രാത്രി എട്ടുമണിയോടെ ഹെഡ്മാസ്റ്റർ വൈ. സുരേന്ദ്രനെ സസ്പെൻ‍ഡ് ചെയ്തതോടെയാണു സംഘർഷത്തിന് അവസാനമായത്.

ഉച്ചയ്ക്ക് 2.30നാണു സംഭവങ്ങളുടെ തുടക്കം. സ്കൂൾ കലോൽസവത്തിന്റെ സമാപന ദിനത്തിൽ നാടക മൽസരത്തിനിടെ അവതരിപ്പിക്കാൻ നൃത്തയിനത്തിനു നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ പരിപാടിക്കു തൊട്ടു മുൻപ് അനുമതിപത്രം  അധ്യാപകൻ തിരികെ വാങ്ങി, പരിപാടി അനുവദിക്കാനാവില്ലെന്ന് അറിയിച്ചു.

പ്രത്യേക അധ്യാപകനെവച്ച് പരിശീലനം നേടി മേക്കപ്പണിഞ്ഞു സ്റ്റേജിൽ കയറാൻ തയാറായി നിൽക്കുമ്പോഴാണ് അനുമതിയില്ലെന്ന അറിയിപ്പു വന്നത്. ഇതോടെ വിദ്യാർഥികൾ ഹെഡ്മാസ്റ്ററുടെ ഓഫിസിനു മുന്നിൽ പ്രതിഷേധം തുടങ്ങി. സ്കൂളിൽ നിന്നു വിവരമറിയിച്ചതനുസരിച്ചു പത്തോളം പൊലീസുകാർ പാഞ്ഞെത്തി കുട്ടികളെ തല്ലിച്ചതയ്ക്കുകയായിരുന്നുവെന്നു നാട്ടുകാർ അറിയിച്ചു.  ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മറ്റുള്ളവർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിൽസതേടി.