പാനായിക്കുളം സിമി ക്യാമ്പ്; അഞ്ച് പ്രതികള്‍ കുറ്റക്കാര്‍

single-img
25 November 2015

gavel judge court കൊച്ചി:  പാനായിക്കുളത്തെ സിമി ക്യാമ്പ് കേസില്‍ അഞ്ച് പ്രതികള്‍ കുറ്റക്കാര്‍. കേസിലെ ഒന്നുമുതല്‍ അഞ്ച് വരെയുള്ള പ്രതികളെയാണ് കുറ്റക്കാരായി കൊച്ചിയിലെ എന്‍.ഐ.എ കോടതി കണ്ടെത്തിയത്. അഞ്ച് പ്രതികള്‍ക്കുള്ള ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും. ഇതില്‍ ഒന്ന്,രണ്ട്, മൂന്നു പ്രതികള്‍ക്കെതിരെ യു.എ.പി.എ നിയമം ചുമത്തി.

ഒന്നുമുതല്‍ അഞ്ച് വരെയുള്ള പ്രതികളായ പി.എ ഷാദുലി, അബ്ദുള്‍ റസീക്ക്, അന്‍സാര്‍, നിസാമുദ്ദീന്‍, ഷമീം എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്. 11 പേരെ കോടതി വെറുതെവിട്ടു. 17 പേരായിരുന്നു കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത്.

2006 ആഗസ്ത് 15 ന് ആലുവായ്ക്കടുത്തുള്ള പാനായിക്കുളത്ത് രഹസ്യയോഗം ചേര്‍ന്ന് സിമിയുടെ ലക്ഷ്യങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുകയും ഇന്ത്യന്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ച് ഇന്ത്യയെ മുസ്‌ലിം രാഷ്ട്രമാക്കി മാറ്റാന്‍ ആഹ്വാനം നടത്തിയെന്നാണ് കുറ്റപത്രം. പ്രതികള്‍ രാജ്യദ്രോഹികള്‍ ആണെന്നും കാശ്മീരിനെ സ്വതന്ത്രമാക്കാന്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണെന്നും കുറ്റപത്രത്തില്‍ ആരോപിച്ചു.

പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന റഷീദ് മൗലവിയെ പ്രോസിക്യൂഷന്‍ മാപ്പുസാക്ഷിയിരുന്നു. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് അനുസരിച്ചാണ് അന്വേഷണം ജനവരിയില്‍ എന്‍ഐഎ ഏറ്റെടുത്തത്.