ബസുകള്‍ അടിക്കടി അപകടത്തില്‍പ്പെടുന്നു; കാസര്‍ഗോഡ് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ പ്രേതബാധ ഒഴിപ്പിക്കാന്‍ പൂജ നടത്തി

single-img
25 November 2015

KSRTCകാസര്‍ഗോഡ്: കാസര്‍ഗോഡ് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ പ്രേതബാധ ഒഴിപ്പിക്കാന്‍ പൂജ നടന്നു. ഡിപ്പോയില്‍ നിന്നുള്ള ബസുകള്‍ അടിക്കടി അപകടത്തില്‍പ്പെടുന്നത് പ്രേതബാധ മൂലമാണെന്നുള്ള വിശ്വാസമാണ് പൂജ നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം 22ന് അര്‍ദ്ധരാത്രി രഹസ്യമായാണ്‌ പൂജ നടത്തിയത്‌.

ജില്ല ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസറുടെ സാന്നിദ്ധ്യത്തിലായിരുന്നു പൂജ.  വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു സ്വകാര്യവ്യക്തിയുടെ സ്ഥലമായിരുന്നു ഇവിടെ പ്രേതബാധയുണ്ടെന്ന് പ്രശ്‌നം വെച്ചപ്പോള്‍ കര്‍ണ്ണാടകയില്‍ നിന്നുള്ള ജോത്സ്യന്‍ കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന്  പൂജ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. മഹാനവമി ദിവസമാണ്‌ പൂജ നടന്നത്‌. ഇതിനായി 20,000 രൂപ മുടക്കിയിരുന്നു.

നിലവിലെ സ്‌ഥലത്തിന്റെ ഉടമസ്‌ഥന്‍ പൂജാ സമയത്ത്‌ സന്നിഹിതനാകണമെന്ന ജ്യോത്സ്യന്റെ നിര്‍ദേശത്തെ തുടര്‍ന്ന്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍ തന്നെ പൂജയ്‌ക്ക് എത്തുകയായിരുന്നു. അതേസമയം ആയുധ പൂജയ്‌ക്ക് മുമ്പുള്ള ഗണപതി പൂജയാണ്‌ നടന്നതെന്നാണ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണറിന്റെ പ്രതികരണം.