വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റ യാത്രയ്‌ക്കെതിരെ നേതാക്കൾ;പുതിയ ശിവസേനയെ കേരളം തിരസ്‌കരിക്കുമെന്ന് പിണറായി;ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളുടെ പേരില്‍ വിഭാഗീയത വളര്‍ത്തുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് ഉമ്മന്‍ ചാണ്ടി

single-img
24 November 2015

12246788_713074778792712_782605441459608975_nഎസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന സമത്വ മുന്നേറ്റ യാത്രയ്‌ക്കെതിരെ വ്യത്യസ്ത രാഷ്ട്രീയ കക്ഷികളിലെ നേതാക്കള്‍ രംഗത്ത്. പുതിയ ശിവസേനയെ കേരളം തിരസ്‌കരിക്കുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞു.

ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളുടെ പേരില്‍ വിഭാഗീയത വളര്‍ത്തുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജാതിക്കും മതത്തിനും അതീതമായ സമൂഹമെന്നയതാണ് ഗുരുവിന്റെ ദര്‍ശനമെന്നും ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പിനായി ഗുരുദര്‍ശനങ്ങള്‍ ഉപയോഗിക്കുന്ന കേരള സമൂഹം തള്ളിക്കളയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസിന്റെ വര്‍ഗീയ അജണ്ട നടപ്പാക്കാനാണ് വെള്ളാപ്പള്ളി സമത്വ മുന്നേറ്റയാത്ര നടത്തുന്നതെന്ന് വി എം സുധീരന്‍ പറഞ്ഞു. എസ്എന്‍ഡിപി ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് സുധീരന്റെ പരാമര്‍ശം.

ഡോ. കല്‍ബുര്‍ഗിയെ വര്‍ഗീയവാദികള്‍ കൊന്നുകളഞ്ഞപ്പോള്‍ പരസ്യമായി ന്യായികരിച്ച സ്വാമിയാണ് പേജാവര്‍ മഠാധിപതി വിശ്വേശ്വര തീര്‍ഥ. ആ സ്വാമിയാണ് വെള്ളാപ്പള്ളിക്ക് വിളക്ക് സമ്മാനിച്ച് യാത്രയുടെ അനുഗ്രഹപ്രഭാഷണം നടത്തിയത്. അയിത്തത്തിനും അനാചാരത്തിനും എതിരെ സന്ധിയില്ലാതെ പൊരുതിയ നവോത്ഥാന നായകര്‍ക്ക് പകരം സവര്‍ണന്റെ എച്ചിലിലയില്‍ കിടന്നുരുളാന്‍ ദളിതരോട് കല്‍പ്പിക്കുന്ന മഡേസ്‌നാനയുടെ വക്താവായ വിശ്വേശ്വര തീര്‍ഥയെ അവരോധിക്കുകയാണ് വെള്ളാപ്പള്ളി ചെയ്തതെന്ന് പിണറായി വിജയൻ വ്യക്തമാക്കി

വെള്ളാപ്പള്ളിയുടേത്‌ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള യാത്രയാണ്‌. ഇത്‌ ശ്രീനാരായണീയര്‍ തിരിച്ചറിയണമെന്നും വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റ യാത്ര നനഞ്ഞ പടക്കമായി മാറുമെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല പറഞ്ഞു

സമത്വമുന്നേറ്റയാത്ര ശംഖുമുഖത്തെത്തുമ്പോൾ ജലസമാധി യാത്രയാകും. ആറ്റിങ്ങലിലെത്തുമ്പോൾ വെള്ളാപ്പള്ളിയുടെ രൂപം നിക്കറും വെള്ള ഉടുപ്പുമായി മാറുമെന്ന് നേരത്തേ യാത്രയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ പറഞ്ഞിരുന്നു