ഐഎസില്‍ ചേര്‍ന്ന 23 ഇന്ത്യക്കാരില്‍ ആറു പേര്‍ കൊല്ലപ്പെട്ടു

single-img
24 November 2015

isis-640x480

ഇസ്‌ലാമിക് തീവ്രവാദ സംഘടനയായ ഐഎസില്‍ ഇതുവരെ 23 ഇന്ത്യക്കാര്‍ ചേര്‍ന്നതായും ഇതില്‍ ആറു പേര്‍ വിവിധ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടതായും വിദേശ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജന്‍സികളുമായി പങ്കുവച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. ഇന്ത്യക്കാര്‍ മോശം പോരാളികളാണെന്ന് ഐഎസ് നേതൃത്വം കരുതുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

തെലുങ്കാനയിലെ ആദിലാബാദ് സ്വദേശി അതിഫ് വാസിം മുഹമ്മദ്, ബംഗളൂരുവില്‍ നിന്നുള്ള ഉമര്‍ സുഭ്ഹാന്‍, ഫയിസ് മസൂദ്, ഭട്കല്‍ സ്വദേശി മൗലാന അബ്ദുള്‍ ഖാദിര്‍ സുല്‍ത്താന്‍ അര്‍മാര്‍, മഹാഷ്ട്രയിലെ താനെയില്‍ നിന്നുള്ള ഷഹിം ഫറൂഖി താന്‍കി, യുപിയിലെ അസംഘട്ട് നിവാസി മുഹമ്മദ് സാജി എന്ന ബഡാ സാജിത് തുടങ്ങിയവരാണു കൊല്ലപ്പെട്ടത്. യുദ്ധത്തിന്റെ മുന്‍നിരയില്‍ കാലാള്‍പ്പടയാളികളായാണ് ഇന്ത്യക്കാരുള്‍പ്പെടെയുള്ളവരെ ഉപയോഗിക്കുന്നത്. പോരാട്ടപരിചയമുള്ള അറബികള്‍ ഇവര്‍ക്കു പിന്നിലാണു നിലയുറപ്പിക്കുന്നതെന്നും അതിനാല്‍ അവര്‍ക്കു പരിക്കേല്‍ക്കാനുള്ള സാധ്യത വളരെ കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐഎസ് നിരീക്ഷണ സേനയില്‍ ടുണീഷ്യ, പലസ്തീന്‍, സൗദി അറേബ്യ, ഇറാക്ക്, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെ മാത്രമേ നിയോഗിക്കൂ. ചൈന, ഇന്ത്യ, നൈജീരിയ, പാക്കിസ്ഥാന്‍ വംശജര്‍ക്ക് ഒരു സ്ഥലത്താണു താമസസൗകര്യം. ഐഎസ് പോരാളികള്‍ ഇവരെ സദാസമയം നിരീക്ഷിക്കുന്നുമുണ്ട്. ഇന്ത്യയിലും പാക്കിസ്ഥാനിലും ബംഗ്ലാദേശിലുമുള്ള വിശ്വാസികള്‍ ശരിയായ രീതിയിലല്ല മതഗ്രന്ഥമായ ഖുറാന്‍ പിന്തുടരുന്നതെന്ന് ഐഎസ് കരുതുന്നുണ്ടെന്നും വിദേശ ഭീകരരുടെ പാസ്‌പോര്‍ട്ട് ചുട്ടെരിക്കുന്നത് ഐഐസ് ഭീകരരുടെ പതിവാണെന്നും റിപ്പോര്‍ട്ടിലുണ്ട്. പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ ജന്മനാട്ടിലേക്ക് തിരിച്ചുപോകാന്‍ ഇവര്‍ക്കു കഴിയില്ല എന്നതാണ് അതിനുകാരണം.